President Election 2022: NDAയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായ ദ്രൗപദി മുർമുവിന് Z+ സുരക്ഷ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് ഒരു ദിവസത്തിനകം ആണ് ഈ തീരുമാനം.
ഉത്തരവ് പ്രകാരം, ബുധനാഴ്ച പുലര്‍ച്ചെ മുതല്‍ ദ്രൗപദി മുർമുവിന്റെ സുരക്ഷ സിആർപിഎഫ് കമാൻഡോകള്‍ ഏറ്റെടുത്തതായി ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ആരെയും അതിശയിപ്പിക്കുന്ന വേറിട്ട തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള NDA സര്‍ക്കാര്‍ എന്നും മുന്നിലാണ്. 5 വര്‍ഷം മുന്‍പ് ദളിത് സമുദായത്തില്‍ നിന്നുള്ള രാം നാഥ് കോവിന്ദിനെ രാജ്യത്തെ പരമോന്നത സ്ഥാനത്തേക്ക് ഉയർത്തിയതിന് ശേഷം വീണ്ടും മറ്റൊരു സുപ്രധാന സന്ദേശം കേന്ദ്ര സര്‍ക്കാര്‍ ദ്രൗപദി മുർമുവിലൂടെ നല്‍കുകയാണ്. രാജ്യ സേവനത്തില്‍ വനിതകളുടെ പ്രാധാന്യം എടുത്തുകാട്ടുകയാണ് കേന്ദ്ര സര്‍ക്കാര്‍.
ഒഡീഷയിൽ നിന്നുള്ള പാർട്ടിയുടെ ഗോത്രവർഗ നേതാവ് ആണ് ദ്രൗപദി മുർമു. ചൊവ്വാഴ്ചയാണ് ഭരണകക്ഷിയായ എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി ദ്രൗപദി മുർമുവിനെ BJP ദേശീയ നേതൃത്വം പ്രഖ്യാപിച്ചത്.
ഝാർഖണ്ഡ് മുൻ ഗവർണറായ ദ്രൗപദി മുർമുവിനെതിരെ മത്സരിക്കുക മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹയാണ്. രാഷ്ട്രപതി സ്ഥാനാർത്ഥിയാകുന്ന ആദ്യ ഗോത്ര വനിതയാണ് ദ്രൗപദി മുർമു.