എസ്‌ബിഐ സ്വകാര്യവൽക്കരണം ; എഴുതിത്തള്ളിയത്‌ 1.45 ലക്ഷം കോടി

തിരുവനന്തപുരം:എസ്‌ബിഐയുടെ സ്വകാര്യവൽക്കരണം സുഗമമാക്കാൻ എഴുതിത്തള്ളിയത്‌ 1.45 ലക്ഷം കോടി രൂപ. ബാങ്ക്‌ ഓഹരി വിൽപ്പനയ്‌ക്ക്‌ തടസ്സമായിരുന്ന ആസ്‌തി ബാധ്യതാ പത്രികയിലെ കിട്ടാക്കടമാണ്‌ എഴുതിത്തള്ളിയത്‌. ഇതിന്റെ ഗുണം കിട്ടിയത്‌ കുത്തകകൾക്കും. കിട്ടാകടത്തിന്റെ 13 ശതമാനം മാത്രമാണ്‌ ബാങ്കിന്‌ തിരിച്ചുപിടിക്കാനായത്‌. ഇതാകട്ടെ ചെറുകിട വായ്‌പയും.

സ്വകാര്യവൽക്കരണ നീക്കം തുടങ്ങിയശേഷം ബാങ്കിൽ കോർപറേറ്റ്‌ വായ്‌പകൾ കുതിക്കുകയാണ്‌. മൊത്തം വായ്‌പയുടെ 30 ശതമാനം ഇത്തരത്തിലുള്ളതാണ്‌. ചെറുകിട വായ്‌പ വൻതോതിൽ കുറച്ചു. കൂടാതെ ചെറുകിട വായ്‌പാ വിതരണത്തിന്‌ അദാനി ക്യാപിറ്റലിന്‌ പുറംകരാറും നൽകി. 22,000 ശാഖയുള്ള ബാങ്കാണ്‌ 60 ശാഖയുള്ള സ്വകാര്യ കമ്പനിയെ വായ്‌പാ വിതരണ ചുമതല ഏൽപ്പിച്ചത്‌. അദാനി ക്യാപിറ്റലാകട്ടെ വായ്‌പ നൽകേണ്ടവരെ നിശ്ചയിക്കുന്നത്‌ കരാർ കമ്പനികൾ വഴിയാണ്‌. വായ്‌പ കിട്ടാക്കടമായാൽ നഷ്ടോത്തരവാദത്തിന്റെ 20 ശതമാനം മാത്രമാണ്‌ ഈ കമ്പനികൾ വഹിക്കേണ്ടത്‌. 80 ശതമാനം ബാങ്കിന്‌ നഷ്ടപ്പെടും.

ഇതിനുപുറമേ 8000 ഗ്രാമീണ, പട്ടണ ശാഖകൾ വഴിയുള്ള ചെറുകിട വായ്‌പാ വിതരണവും നിർത്തുകയാണ്‌. ഇതിന്റെ ഭാഗമായി മുംബൈ ബാങ്ക്‌ ആസ്ഥാനത്തെ ഫിനാൻഷ്യൽ ഇൻക്ലൂഷൻ ആൻഡ്‌ മൈക്രോ മാർക്കറ്റ്‌ ഡിവിഷൻ പ്രവർത്തനം ഡൽഹിയിലേക്ക്‌ മാറ്റി.

Exit mobile version