എറിഞ്ഞത് പടക്കമോ? ഉഗ്രസ്‌ഫോടന ശേഷി ഇല്ലാത്ത വസ്തുവെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

തിരുവനന്തപുരം: എ കെ ജി സെന്ററിലേക്ക് എറിഞ്ഞ സ്ഫോടക വസ്തു പടക്കമെന്ന നിഗമനം ബലപ്പെടുത്തി   പ്രാഥമിക ഫോറന്‍സിക് റിപ്പോര്‍ട്ട്.  ഉഗ്ര സ്ഫോടന ശേഷി ഇല്ലാത്ത വസ്തുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സ്ഥലം പരിശോധിച്ച ഫോറൻസിക് ടീമിന് സ്ഥലത്ത് നിന്ന് ഗണ്‍പൗഡറിന്റെ അംശം മാത്രമാണ് ആകെ കിട്ടിയത്.

വിശദമായ പരിശോധനയിൽ സാധാരണ ബോംബുകളിൽ കാണുന്ന തരത്തിൽ ലോഹച്ചീളുകളോ, കുപ്പിച്ചില്ലുകളോ ഒന്നും തന്നെ സ്‌ഫോടക വസ്തുവിനൊപ്പം ഉപയോഗിച്ചിട്ടില്ല. ഇത് നാടന്‍ പടക്കത്തിന് സമാനമായ വസ്തുവാണ് ഉപയോഗിച്ചതെന്നാണ് ഫോറന്‍സിക്കിന്റെ നിഗമനം. റിപ്പോര്‍ട്ട് പൊലീസിന് കൈമാറി.

ജൂണ്‍ 30 ന് രാത്രി 11.35 ഓടെയാണ് ഒരാള്‍ എ കെ ജി സെന്ററിന്റെ താഴത്തെ പ്രവേശനകവാടത്തിന് മുന്നിലെ ഭിത്തിയിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞത്. ഉഗ്രശബ്ദം കേട്ട് പ്രധാന ഗേറ്റിലുണ്ടായിരുന്ന പൊലീസുകാര്‍ ഓടിയെത്തിയെങ്കിലും അക്രമി ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.എഎറിഞ്ഞത് ബോംബാണെന്നായിരുന്നു സി പി എമ്മിന്റെ അവകാശവാദം. സംഭവം നടന്ന് ആറ് ദിവസം പിന്നിട്ടിട്ടും പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല.

ഇതിനിടയിൽ  സിസിടീവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ കണ്ടെത്തിയ ചുവന്ന സ്കൂട്ടറുകാരനെ കണ്ടെത്തി ചോദ്യം ചെയ്തെങ്കിലും ഇയാളല്ലന്ന മനസ്സിലായതോടെ വെറുതേ വിട്ടു. ഒപ്പം തന്നെ എകെജി സെൻററിൽ കല്ലെറിയും എന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടയാളെയും പോലീസ് ചോദ്യം ചെയ്തെങ്കിലും കാര്യമുണ്ടായില്ല. ഭരണൻ കക്ഷിയിൽ നിന്നും പോലീസിന് ശക്തമായ സമ്മർദ്ദം ഇപ്പോഴുണ്ട്.

അക്രമി സഞ്ചരിച്ചത് ചുവന്ന സ്കൂട്ടറിൽ അല്ലെന്നാണ് കണ്ടെത്തൽ. അക്രമത്തിനു മുമ്പ് രണ്ട് തവണ എകെജി സെൻററിന് മുന്നിലൂടെ ഈ സ്കൂട്ടർ കടന്നുപോയിരുന്നു. ഇത് നഗരത്തിൽ തട്ടുകട നടത്തുന്ന ആളാണെന്ന് പൊലീസ് പിന്നീട് നടത്തിയ വിശദമായ പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം പോലീസ് താൽക്കാലികമായി അവസാനിപ്പിച്ച് നേരിട്ടുള്ള അന്വേഷണത്തിലേക്ക് കടക്കുകയാണെന്നാണ് വിവരം.

Exit mobile version