എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ സംഭവിച്ചത് യാത്രക്കാര്‍ക്ക് പൊറുക്കാനാകാത്ത സംഭവങ്ങള്‍ :30 ലേറെ ക്യാബിന്‍ ക്രൂ അംഗങ്ങളെ പിരിച്ചുവിട്ടു.

ദില്ലി: കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ സംഭവിച്ചത് യാത്രക്കാര്‍ക്ക് പൊറുക്കാനാകാത്ത സംഭവങ്ങള്‍ ആയിരുന്നു. ജീവനക്കാരുടെ അഭാവം മൂലം ഒട്ടേറെ ഫ്‌ലൈറ്റുകള്‍ ആണ് റദ്ദാക്കപ്പെട്ടത്. തുടര്‍ന്ന ടിക്കറ്റെടുത്ത് യാത്ര ചെയ്യാനെത്തിയ നൂറുകണക്കിന് യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങി. ഇത് വലിയ പ്രതിഷേധത്തിനാണ് വഴിവച്ചത്. ഡിജിസിഎ ഈ വിഷയത്തിൽ എയർ ഇന്ത്യ എക്സ്പ്രസിനോട് വിശദീകരണം തേടുകയും ചെയ്തു.

ജീവനക്കാര്‍ കൂട്ട അവധി എടുത്തതായിരുന്നു പ്രതിസന്ധിയ്ക്ക് വഴിവച്ചത്. മാനേജ്‌മെന്റിനെതിരെയുള്ള പ്രതിഷേധ സമരത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ കൂട്ട അവധിയെടുക്കല്‍. 30 ലേറെ ക്യാബിന്‍ ക്രൂ അംഗങ്ങളെ എയര്‍ ഇന്ത്യ മാനേജ്‌മെന്റ് പിരിച്ചുവിട്ടുകഴിഞ്ഞു എന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന വിവരം. ഇനിയും പിരിച്ചുവിടല്‍ നടപടികള്‍ തുടര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.  ശേഷിക്കുന്ന ജീവനക്കാർക്ക് അന്ത്യശാസനം നൽകുകയും ചെയ്തിട്ടുണ്ട്. മെയ് 9, വ്യാഴാഴ്ച വൈകുന്നേരം 4 മണിയ്ക്ക് മുമ്പ് എല്ലാവരും ജോലിയിൽ തിരികെ പ്രവേശിച്ചിരിക്കണം എന്നതാണ് അന്ത്യശാസനം. 300 ഓളം ജീവനക്കാരാണ് ഒറ്റയടിയ്ക്ക് കൂട്ട അവധിയെടുത്തത്. ഇവർ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് വയ്ക്കുകയും ചെയ്തു. പൊതുമേഖലയില്‍ നിന്ന് ടാറ്റ ഏറ്റെടുത്തതോടെ ഏയര്‍ ഇന്ത്യ സേവനങ്ങള്‍ മെച്ചപ്പെടും എന്ന പ്രതീക്ഷയിലായിരുന്നു വിമാനയാത്രക്കാര്‍. എന്നാല്‍, ഏറ്റെടുക്കലിന് ശേഷവും സേവനങ്ങളുടെ കാര്യത്തില്‍ വലിയ മാറ്റമൊന്നും ഇല്ലെന്ന വിമര്‍ശനം എയര്‍ ഇന്ത്യ ഇപ്പോഴും നേരിടുന്നുണ്ട്.

ജീവനക്കാരുടെ അവധിയെടുത്തുള്ള പ്രതിഷേധം ആസൂത്രിതമായിരുന്നു എന്നാണ് കമ്പനി കണ്ടെത്തിയിട്ടുള്ളത്. ആരോഗ്യ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു അവധികള്‍ എല്ലാം. വിമാന സര്‍വ്വീസികള്‍ റദ്ദാക്കപ്പെടണം എന്നുദ്ദേശിച്ച് തന്നെ ആയിരുന്നു ഈ നീക്കം എന്നാണ് കമ്പനി വിലയിരുത്തുന്നത്. പിരിച്ചുവിടപ്പെട്ടവര്‍ക്ക് നല്‍കിയ കത്തില്‍ ഇക്കാര്യങ്ങള്‍ മാനേജ്‌മെന്റ് വ്യക്തമാക്കുന്നും ഉണ്ട്.

Exit mobile version