ഇന്ന് വിജയദശമി;ആദ്യാക്ഷരം കുറിച്ച് അക്ഷര മുറ്റത്തേക്ക് പിച്ചവയ്ക്കാൻ ആയിരക്കണക്കിന്  കുരുന്നുകൾ

ഇന്ന് വിദ്യാരംഭം . ആദ്യാക്ഷരം കുറിച്ച് അക്ഷര മുറ്റത്തേക്ക് പിച്ചവയ്ക്കാൻ ആയിരക്കണക്കിന്  കുരുന്നുകളാണ് കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലേക്ക് എത്തുന്നത്.  പുലർച്ചെ മുതൽ തന്നെ മാതാപിതാക്കൾ കുട്ടികളുമായി വിദ്യാരംഭത്തിന് എത്തിത്തുടങ്ങിയിരുന്നു. സംസ്ഥാനത്ത് ക്ഷേത്രങ്ങളിലും പ്രധാന എഴുത്തിനിരുത്ത് കേന്ദ്രങ്ങളിലുമൊക്കെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. എഴുത്തിനിരുത്തലിനോട് അനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് തിരൂർ തുഞ്ചൻ പറമ്പിലും ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് ദേവീ ക്ഷേത്രത്തിലുമൊക്കെ ഏർപ്പെടുത്തിയിരിക്കുന്നത്. തുഞ്ചൻപറമ്പിൽ രാവിലെ 4.30 മുതൽ വിദ്യാരംഭം ആരംഭിച്ചു. 50 ആചാര്യന്മാരാണ് കുരുന്നുകൾക്ക് ഹരിശ്രീ കുറിച്ചു നൽകുന്നത്. കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിലും പുലർച്ചെ നാലു മണിക്ക് വിദ്യാരംഭ ചടങ്ങുകൾ തുടങ്ങി. ഇവിടെ മുപ്പത്തിയഞ്ചോളം ആചാര്യൻമാരാണ് കുഞ്ഞുങ്ങളെ ആദ്യാക്ഷരം എഴുതിക്കുന്നത്.

Exit mobile version