ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയുടെ ആദ്യ ഘട്ട പ്രവർത്തനങ്ങള്‍ ആരംഭിച്ച് ഇന്ത്യയും യുഎഇയും. 

ഡല്‍ഹി: നിരവധി പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയുടെ (ഐഎംഇഇസി) ആദ്യ ഘട്ട പ്രവർത്തനങ്ങള്‍ ആരംഭിച്ച് ഇന്ത്യയും യുഎഇയും. ഇന്ത്യയില്‍ നിന്നും ആരംഭിക്കുന്ന ഇടനാഴി യുഎഇ, ജോർദാൻ, സൗദി അറേബ്യ, ഇസ്രായേൽ എന്നിവയെ യൂറോപ്പുമായും അവിടെ നിന്ന് യുഎസുമായും ബന്ധിപ്പിക്കും. ഇത് സംബന്ധിച്ച ഇരു രാജ്യങ്ങളിലേയും മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗം മെയ് 15 ന് അകം നടക്കുമെന്നാണ് പ്രതീക്ഷ.

ജല, റോഡ്, റെയില്‍ ഗാതഗത മാർഗ്ഗങ്ങള്‍ ഇടനാഴിക്ക് വേണ്ടി ഉപയോഗിക്കും. വ്യാപാരമാണ് പ്രധാന ലക്ഷ്യം. ഇടനാഴി ഇന്ത്യയെ മിഡിൽ-ഈസ്റ്റ് വഴി യൂറോപ്പുമായി ബന്ധിപ്പിക്കുക മാത്രമല്ല, യുഎഇയുമായുള്ള ഉഭയകക്ഷി വ്യാപാരം വർദ്ധിപ്പിക്കുകയും ചെയ്യും എന്നതാണ് പ്രധാന ആകർഷണീയത. വ്യാപാരം, ഷിപ്പിംഗ്, വാണിജ്യ മന്ത്രാലയങ്ങളുടെ പ്രതിനിധികളുമായുള്ള ജോയിൻ്റ് സെക്രട്ടറി തല യോഗത്തിൽ ഇരുപക്ഷവും പ്രോട്ടോക്കോളുകള്‍ സംബന്ധിച്ച ചർച്ചയായിരിക്കും നടത്തുക. ഇടനാഴിക്ക് അമേരിക്കന്‍ ഭരണകൂടവും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഫെബ്രുവരി 14 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി സാമ്പത്തിക ഇടനാഴ് സംബന്ധിച്ച അന്തർ-ഗവൺമെൻ്റ് ചട്ടക്കൂട് കരാറിൽ ഒപ്പുവച്ചതിന് ശേഷം, ആദ്യ ഘട്ട പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി അടുത്ത മാസം ആദ്യ റൗണ്ട് മീറ്റിംഗുകൾ നടത്താൻ ഇരു രാജ്യങ്ങളും തീരുമാനിക്കുകയായിരുന്നു.

ഇന്ത്യൻ തുറമുഖമായ മുന്ദ്രയിൽ ഒരിക്കൽ ക്ലിയർ ചെയ്ത ചരക്ക് കണ്ടെയ്‌നറുകൾ യുഎഇയിൽ വീണ്ടും തുറന്ന് പരിശോധിക്കില്ലെന്ന് തുടങ്ങിയവ അടക്കമുള്ള പ്രോട്ടോക്കോളുകളായിരിക്കും നടപ്പിലാക്കുക. ഈ ചരക്കുകളുടെ നേരിട്ട് തന്നെ ഫുജൈറ, അല്ലെഭ്കില്‍ യൂറോപ്പിലോ അമേരിക്കയിലോ ഉള്ള അന്തിമ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകാൻ അനുവദിക്കും. ഏപ്രിൽ 25 ന് യുഎഇയിൽ നടത്താൻ നിശ്ചയിച്ചിരുന്ന യോഗം ഇരുവിഭാഗത്തിൻ്റെയും ആവശ്യത്തെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു.

ചൈനയുടെ വണ്‍ ബെല്‍റ്റ് പദ്ധതിക്ക് ബദലായി അമേരിക്കയുടെ മുന്‍കൈയിലാണ് സാമ്പത്തിക ഇടനാഴിക്ക് തുടക്കമിടുന്നത്. സാമ്പത്തിക ഇടനാഴിയിലെ നിക്ഷേപത്തിന് തയ്യാറാമെന്ന് ഫ്രാന്‍സും ഇടനാഴിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് ജര്‍മ്മനിയും വ്യക്തമാക്കിയിട്ടുണ്ട്. വ്യാപാര കേന്ദ്രീകൃതമാണെങ്കിലും പദ്ധതി വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് കാരണമാകും എന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

മിഡില്‍ ഈസ്റ്റില്‍ റെയില്‍വേ, തുറമുഖ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിലൂടെ ഇന്ത്യയും യൂറോപ്പും തമ്മിലുള്ള വ്യാപാരം 40 ശതമാനം വേഗത്തിലാകുമെന്നും പ്രതീക്ഷയുണ്ട്. ജി 20 രാജ്യങ്ങളെ ബന്ധിപ്പിക്കുകയായിരിക്കും സാമ്പത്തിക ഇടനാഴിയുടെ പ്രഥമ ലക്ഷ്യമെന്നും അടുത്ത തലമുറയ്ക്കായി അടിത്തറ പാകുന്നുവെന്നും നരേന്ദ്ര മോദി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

Exit mobile version