തിരുവനന്തപുരം: ആർഎസ്പി നേതാവ് പ്രൊഫ. ടിജെ ചന്ദ്രചൂഡൻ അന്തരിച്ചു. 83 വയസ്സായിരുന്നു. അന്ത്യം ഇന്നു രാവിലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ. ആർഎസ്പി മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ദേശീയ ജനറൽ സെക്രട്ടറി ആയിരുന്നു,
തിരുവനന്തപുരം ജില്ലയിൽ ജനിച്ചു. ബി.എ, എംഎ പരീക്ഷകൾ റാങ്കോടെ പാസായി. ആർ.എസ്.പി വിദ്യാർത്ഥി സംഘടനയിൽ സജീവമായിരുന്ന ചന്ദ്രചൂഡൻ, കെ. ബാലകൃഷ്ണന്റെ കൗമുദിയിൽ കുറച്ചു കാലം പ്രവർത്തിച്ചു. 1969-1987 കാലയളവിൽ ശാസ്‌താംകോട്ട ദേവസ്വം ബോർഡ് കോളേജിൽ അദ്ധ്യാപകനായിരുന്നു. 1975 ൽ ആർ.എസ്.പി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി. 1995 മുതൽ പ്രവാഹം ദ്വൈവാരികയുടെ പത്രാധിപരായി. 1999 ൽ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 2008 ൽ ദേശീയ ജനറൽ സെക്രട്ടറിയായി. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആര്യനാട് മണ്ഡലത്തിൽ മത്സരിച്ച് ജി. കാർത്തികേയനോടു പരാജയപ്പെട്ടിരുന്നു. മൂന്നു തവണ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
ഇന്ത്യ – യു.എസ് ആണവായുദ്ധ ഉടമ്പടിയുമായി ബന്ധപ്പെട്ട യു,പി.എ – ഇടത് കോർഡിനേഷൻ കമ്മിറ്റിയിൽ പ്രധാന പങ്ക് വഹിച്ചു.
മാർക്‌സിസം എന്നാൽ എന്ത്?, രാഷ്‌ട്രതന്ത്രം, ഫ്രഞ്ച്‌വിപ്ലവം, അഭിജാതനായ ടി.കെ.,വിപ്ലവത്തിന്റെ മുൾപാതയിലൂടെ നടന്നവർ
കെ.ബാലകൃഷ്‌ണൻ : മലയാളത്തിന്റെ ജീനിയസ് എന്നീ കൃതികൾ രചിച്ചു.