അവസാന പന്തിൽ സിക്‌സറടിച്ച്‌ ടീമിനെ ജയിപ്പിക്കാനായത്‌ ക്രിക്കറ്റ്‌ ജീവിതത്തിൽ വഴിത്തിരിവ് : എസ്‌ സജന

കൽപ്പറ്റ: ആദ്യകളിയിലെ അവസാന പന്തിൽ സിക്‌സറടിച്ച്‌ ടീമിനെ ജയിപ്പിക്കാനായത്‌ ക്രിക്കറ്റ്‌ ജീവിതത്തിൽ വഴിത്തിരിവായെന്ന്‌ എസ്‌ സജന പറഞ്ഞു. മുംബൈ ഇന്ത്യൻസിന്റെ ജയമുറപ്പിച്ച സിക്‌സർ നൽകിയ ആത്മവിശ്വാസം ചെറുതല്ല. ഒരുപാട്‌ കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. വിദേശതാരങ്ങൾ ഉൾപ്പെടെയുള്ള മുതിർന്ന താരങ്ങളുടെ പ്രൊഫഷണലിസവും കളിയുടെ സമ്മർദങ്ങൾ ഒഴിവാക്കുന്നതിൽ അവർ കാട്ടുന്ന മിടുക്കുമെല്ലാം നേരിട്ടറിയാൻ കഴിഞ്ഞു. വലുപ്പചെറുപ്പമില്ലാതെ പുതുതായി എത്തുന്നവർക്ക്‌ മികച്ച പരിഗണനയാണ്‌ മുംബൈ ഇന്ത്യൻസിൽനിന്ന്‌ ലഭിച്ചത്‌. ക്യാപ്‌റ്റൻ ഹർമൻപ്രീത്‌ കൗർ എന്റെ റോൾ മോഡലാണ്‌. ക്യാപ്‌റ്റൻ ഉൾപ്പെടെയുള്ള എല്ലാ താരങ്ങളിൽനിന്നും വലിയ പിന്തുണയാണ്‌ ലഭിച്ചത്‌.

ടീമിലെടുത്തപ്പോൾതന്നെ ഫിനിഷറുടെ റോളാണ്‌ കൈാര്യം ചെയ്യേണ്ടിവരിക എന്ന നിർദേശം അധികൃതർ നൽകിയിരുന്നു. കളിയിൽ ചുരുങ്ങിയത്‌ എട്ടോ പത്തോ പന്തേ കിട്ടുകയുള്ളൂ എന്ന്‌ ധാരണയുണ്ടായിരുന്നു. അതനുസരിച്ച്‌ ആക്രമിച്ച്‌ കളിക്കാനുള്ള പരിശീലനമാണ്‌ നടത്തിയതും. ഇന്ത്യൻ ജേഴ്‌സിയാണ്‌ സ്വപ്‌നം. അതിലേക്കുള്ള ചുവടുവയ്പാകട്ടെ ഈ പ്രകടനമെന്ന്‌ കരുതുന്നുവെന്നും സജന പറഞ്ഞു.

Exit mobile version