തിരുവനന്തപുരം :പൊതു വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരത്തിനായി ഖാദര്‍ കമ്മറ്റി സര്‍ക്കാരിലേക്ക് സമര്‍പ്പിച്ച രണ്ടാം ഘട്ട റിപ്പോര്‍ട്ടിലും നിരവധി അപ്രായോഗികവും അശാസ്ത്രീയവുമായ ശുപാര്‍ശകളെന്ന പരാതി ഉയരുന്നു. ഒന്നാംഘട്ട റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രീപ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെ ഒരു ഡയറക്ടറേറ്റിനു കീഴില്‍ കൊണ്ടു വന്നിരുന്നു. രണ്ടാംഘട്ട റിപ്പോര്‍ട്ടില്‍ പ്രീപ്രൈമറി, സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി തലങ്ങളിലെ പ്രത്യേകതകളും ആവശ്യകതകളും പരിഗണിക്കാതെ തികച്ചും ഉപരിപ്ലവമായ നിര്‍ദ്ദേശങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്ന് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് സംസ്ഥാന നേതാക്കള്‍ പറഞ്ഞു. ഹയര്‍ സെക്കന്‍ഡറിയില്‍ നിലവിലുള്ള നാല് കോര്‍ വിഷയങ്ങള്‍ മൂന്നാക്കി ചുരുക്കുന്നതിനുള്ള ശുപാര്‍ശ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. പ്ലസ്ടു പഠനത്തില്‍ നിലവില്‍ പരസ്പര പൂരകമായി നില്ക്കുന്ന കോര്‍ വിഷയങ്ങളില്‍ കുറവ് വരുത്തുന്നത് പഠനത്തിന്റെ ആധികാരികതയെയും വിശാലമായ ഉപരിപഠന സാധ്യതയെയും ഇല്ലാതാക്കും. ഉദാഹരണമായി നിലവിലെ സയന്‍സ് കോമ്പിനേഷനില്‍ നിന്ന് ബയോളജിയോ മാത്തമാറ്റിക്സോ എടുത്തു മാറ്റുന്നത് പൊതു വിദ്യാലയങ്ങളിലെ ഹയര്‍ സെക്കന്‍ഡറി പഠനത്തെ തന്നെ തകര്‍ക്കും. മെഡിക്കല്‍, എഞ്ചിനീയറിംഗ്,ആര്‍ക്കിടെക്ചര്‍, ഫാര്‍മസി, അഗ്രിക്കള്‍ച്ചര്‍ തുടങ്ങി വിവിധ തലങ്ങളിലേക്ക് ഉന്നത പഠനത്തിനായി പ്രവേശിക്കാനുള്ള അവസരം കോര്‍വിഷയം വെട്ടിക്കുറക്കുന്നതിലൂടെ വിദ്യാര്‍ത്ഥികള്‍ക്കു നഷ്ടമാവും. കൂടാതെ നിലവിലെ അധ്യാപക തസ്തികകളുടെ സന്തുലിതാവസ്ഥയും തകരുന്ന ഈ ശുപാര്‍ശ തീര്‍ത്തും അബദ്ധ ജടിലമാണ്.ക്ലാസ് മുറികളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണം നാല്പത്തി അഞ്ചില്‍ കൂടരുതെന്ന് നിര്‍ദ്ദേശിക്കുമ്പോഴും ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ ഇതെങ്ങനെ നടപ്പാക്കുമെന്ന് വിശദീകരിക്കുന്നില്ല. നിലവില്‍ അതാത് വര്‍ഷം നടത്തുന്ന മാര്‍ജിനല്‍ ഇന്‍ക്രീസിലൂടെ കുട്ടികളുടെ എണ്ണം 60 ഉം 65 ഉം ആയി ഉയരുകയാണ്. പുതിയ റിപ്പോര്‍ട്ടില്‍ ഇത് മറികടക്കാനുള്ള നിര്‍ദ്ദേശത്തിനു പകരം ഒരു ക്ലാസില്‍ 45 കുട്ടികളില്‍ കൂടുതല്‍ അധികരിച്ചാല്‍ അടുത്ത ബാച്ച് തുടങ്ങാന്‍ മിനിമം 20 പേര് വേണമെന്ന നിര്‍ദ്ദേശം ഇരട്ടത്താപ്പാണ്.ഫലത്തില്‍ ക്ലാസ് മുറികളില്‍ പരമാവധി എണ്ണം വിദ്യാര്ത്ഥികളെത്ര എന്ന കൃത്യമായ നിര്‍ദ്ദേശം നല്കാന് റിപ്പോര്‍ട്ടിന് ആവുന്നില്ല.മൂല്യനിര്‍ണയത്തിനു പകരം വിലയിരുത്തല്‍ സമീപനമെന്നത് ഉയര്‍ന്ന ക്ലാസുകളില്‍ പ്രായോഗികമല്ല. മാത്രമല്ല പരീക്ഷാ ദിനങ്ങള്‍ കുറക്കുന്നതിന് രാവിലെയും ഉച്ചയ്ക്കുമായി സെക്കന്‍ഡറി ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളെ ഇടകലര്‍ത്തി പരീക്ഷകള്‍ നടത്താനുള്ള നിര്‍ദ്ദേശം പരീക്ഷിച്ച് പരാജയപ്പെട്ടതാണ്. ഒന്നും രണ്ടും വര്‍ഷങ്ങളില്‍ പൊതു പരീക്ഷകള്‍ നടക്കുന്ന ഹയര്‍സെക്കന്‍ഡറി മേഖലയിലെ പരീക്ഷകളെ പ്രഹസനമാക്കുന്നതിനു മാത്രമേ ഈ തീരുമാനം സഹായിക്കൂ.
പഠനമാധ്യമം മലയാളത്തിലേക്ക് മാറ്റണമെന്ന ശുപാര്‍ശയും ഉയര്‍ന്ന ക്ലാസ്സുകളില്‍ അശാസ്ത്രീയമാണ്. എന്‍സിഇആര്‍ടി സിലബസ് പ്രകാരമുള്ള പുസ്തകങ്ങള്‍ പിന്തുടരുന്ന ഉയര്‍ന്ന ക്ലാസുകളില്‍ ബോധന മാധ്യമം മാറ്റുന്നത് ബുദ്ധിമുട്ടുണ്ടാക്കും. ദേശീയ പരീക്ഷകളായ നീറ്റ്, ജെഇഇ, ക്ലാറ്റ് ,സിയുഇടി തുടങ്ങി വിവിധ പരീക്ഷകളില്‍ പങ്കെടുക്കേണ്ട വിദ്യാര്‍ത്ഥികള്‍ക്ക് ഇത് വലിയ പ്രയാസമുണ്ടാക്കും. അന്താരാഷ്ട്ര തലത്തില്‍ ഐഇഎല്‍ടിഎസ് , ടോഫല്‍ തുടങ്ങിയ പരീക്ഷകള്‍ പാസാവുന്നതിനും പൊതുവിദ്യാലയങ്ങളില്‍ പഠിച്ച കുട്ടികള്‍ പ്രയാസപ്പെടും. ക്രമേണ പൊതു വിദ്യാലയങ്ങളില്‍ നിന്ന് കുട്ടികള്‍ അകലുന്ന തരത്തില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഇത്തരം ശുപാര്‍ശകള്‍ തള്ളിക്കളയണം. വിദ്യാലയത്തിന്റെ അധികാരിയായി തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതക്കും ജോലി പരിചയത്തിനും പുറമെ മറ്റുള്ള മാനദണ്ഡങ്ങള്‍ കൂടി കൊണ്ടുവരാനുള്ള ശുപാര്‍ശ സ്വജനപക്ഷപാതത്തിലേക്കും തെറ്റായ കീഴ് വഴക്കങ്ങളിലേക്കും നയിക്കും. അധ്യാപക പരിശീലനവുമായി ബന്ധപ്പെട്ട് അഞ്ചു വര്‍ഷത്തെ ഇന്റഗ്രേറ്റഡ് കോഴ്സുകള്‍ എല്ലാവര്ക്കും ഏര്‍പ്പെടുത്തണമെന്നത് അനാവശ്യമാണ്. അധ്യാപകവൃത്തി തൊഴില്‍ മേഖലയായി കരുതാത്തവര്‍ പോലും നിര്‍ബന്ധിതമായി ഈ കോഴ്സ് പഠിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണം.കേരളത്തില്‍ സെക്കന്‍ഡറി പഠനത്തിന്റെ തുടര്‍ച്ചയല്ല ഹയര്‍ സെക്കന്‍ഡറി പഠനമെന്നിരിക്കെ, തികച്ചും വിഭിന്നമായ പഠന മേഖലകളെ ഒന്നായി കണ്ടു കൊണ്ടുള്ള നിര്‍ദ്ദേശങ്ങള്‍ മിക്കതും അപ്രായോഗികവും അശാസ്ത്രീയവുമാണ്. വ്യത്യസ്തമായ പുതിയ വിഷയങ്ങളും കോമ്പിനേഷനുകളും ഉള്ള ഹയര്‍ സെക്കന്‍ഡറി മേഖലയുടെ ശാസ്ത്രീയമായ ഉയര്‍ച്ചക്കും പഠനാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ നല്കാന് കമ്മറ്റി റിപ്പോര്‍ട്ടിന് സാധിച്ചിട്ടില്ല. ഹയര്‍ സെക്കന്‍ഡറി മേഖലയുടെ സമഗ്ര വളര്‍ച്ചക്കും വികാസത്തിനും യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ച ലബ്ബ കമ്മറ്റിയുടെ ക്രിയാത്മക നിര്‍ദ്ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ടുമായി ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് താരതമ്യം ചെയ്യുന്നതിന് സര്‍ക്കാര്‍ തയ്യാറാവണം. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്ത് അനാവശ്യ പരീക്ഷണങ്ങള്‍ നടത്തുന്നത് ഒട്ടും അനുഗുണമല്ലെന്ന തിരിച്ചറിവില്‍ തികച്ചും ഏകപക്ഷീയമായി തയ്യാറാക്കിയതും അപ്രായോഗിക നിര്ദ്ദേശങ്ങളടങ്ങിയതുമായ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന് എച്ച്എസ്എസ്ടിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ എം ജോര്‍ജ് ആവശ്യപ്പെട്ടു.