അധികാരപദവികളില്‍ ഭരണപാടവവും കാര്‍ക്കശ്യവും ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു  വക്കം പുരുഷോത്തമനെന്ന് സ്പീക്കര്‍ 

തിരുവനന്തപുരം: അധികാരപദവികളില്‍ ഭരണപാടവവും കാര്‍ക്കശ്യവും ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു  വക്കം പുരുഷോത്തമനെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍. അച്യുതമേനോന്‍ മന്ത്രിസഭയില്‍ കൃഷി, തൊഴില്‍, നിയമ വകുപ്പുമന്ത്രിയായും, ഇ. കെ. നായനാര്‍ മന്ത്രിസഭയില്‍ ആരോഗ്യ, ടൂറിസം വകുപ്പുമന്ത്രിയായും, ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ധന, എക്‌സൈസ്, ലോട്ടറി വകുപ്പുമന്ത്രിയായും സേവനം അനുഷ്ഠിച്ചു.

തൊഴില്‍ വകുപ്പുമന്ത്രി പദവിയിലിരിക്കെ അദ്ദേഹം രൂപം നല്‍കിയ കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബില്‍, ചുമട്ടുതൊഴിലാളി ക്ഷേമനിധി ബില്‍ എന്നിവ സംസ്ഥാന തൊഴില്‍ ചരിത്രത്തിലെ നാഴികക്കല്ലുകളാണ്. ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ ഓണം വാരാഘോഷത്തിന് തുടക്കം കുറിച്ചതും, ആധുനിക രീതിയില്‍ കേരളാ ഹൗസ് പുതുക്കിപ്പണിതതും, ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകള്‍ റഫല്‍ ആശുപത്രികളാക്കി മാറ്റിയതും അദ്ദേഹത്തിന്റെ ഭരണ മികവിന് ഉദാഹരണങ്ങളാണ്.

 എന്നാല്‍, നിയമസഭാ സ്പീക്കര്‍ എന്ന നിലയിലാണ് അദ്ദേഹം തന്റെ കര്‍മ്മമണ്ഡലത്തില്‍ ഏറെ തിളങ്ങിയത്. 1982-84 കാലയളവില്‍ ആദ്യമായി സ്പീക്കര്‍ പദവിയില്‍ എത്തിയ അദ്ദേഹം 2001-2004 കാലയളവിലും ആ പദവി അലങ്കരിച്ചു.

Exit mobile version