അഗ്നിപഥ് പ്രതിഷേധം: അറസ്റ്റിലായവരുടെ വിവരങ്ങൾ ശേഖരിക്കാൻ കേന്ദ്രം, കരട് വിജ്ഞാപനം പുറത്തിറക്കും

ന്യൂഡൽഹി: അ​ഗ്നിപഥ് സ്കീമിനെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായവരുടെ വിവരങ്ങൾ തേടി കേന്ദ്ര സർക്കാർ. പ്രതിഷേധത്തിൽ അറസ്റ്റിലായവരുടെ വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാ​ഗമായി സംസ്ഥാനങ്ങൾ തയ്യാറാക്കിയ വിവരം കൈമാറാൻ കേന്ദ്രം നിർദേശം നൽകി. ഇത്തരത്തിൽ സ്കീമിനെതിരെ പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്ക് അഗ്നിപഥിൽ പ്രവേശനം നൽകില്ലെന്ന തീരുമാനത്തിൻ്റെ ഭാഗമായാണ് കേന്ദ്രത്തിന്റെ നടപടി. 

ബിഹാറിലാണ് ഏറ്റവും കൂടുതൽ ആളുകൾ അറസ്റ്റിലായത്. പ്രതിഷേധത്തെ തുടർന്ന് രാജ്യത്താകെ 1313 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 805 പേരും ബിഹാറിൽ നിന്നാണ് അറസ്റ്റിലായിരിക്കുന്നത്. 

അതേസമയം അ​ഗ്നിപഥിനെതിരെ ഇന്ന് ഉദ്യോഗാർത്ഥികളുടെ വിവിധ കൂട്ടായ്മകള്‍ സാമൂഹിക മാധ്യമങ്ങൾ വഴി ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഹരിയാന, യുപി, ബിഹാർ, പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങൾ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ബിഹാറിൽ റെയിവെ സ്റ്റേഷനുകൾക്ക് സുരക്ഷ കൂട്ടിയിട്ടുണ്ട്. സംസ്ഥാന പോലീസിനും റെയില്‍വേ പോലീസിനും ജാഗ്രത നിര്‍ദേശം നല്‍കി. യുപി ഗൗതം ബുദ്ധ നഗറില്‍ നിരോധനാ‌ജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രതിഷേധത്തിന്റെ പേരിൽ അക്രമം നടത്തുന്നവർക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് പോലീസ് അറിയിച്ചു. ജാർഖണ്ഡിൽ ഇന്ന് സ്കൂളുകൾ അടച്ചിടും.

Exit mobile version