അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ സംഘടിപ്പിക്കുന്ന സൂപ്പർ ക്ലബ് ഫുട്ബോൾ മത്സരങ്ങൾക്കുള്ള ടിക്കറ്റ് വിൽപന ആരംഭിച്ചു.

അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ സംഘടിപ്പിക്കുന്ന സൂപ്പർ ക്ലബ് ഫുട്ബോൾ മത്സരങ്ങൾക്കുള്ള ടിക്കറ്റ് വിൽപന ആരംഭിച്ചു. കോഴിക്കോടും മഞ്ചേരിയും വേദിയാകുന്ന ടൂർണമെന്റിന്റെ ടിക്കറ്റ് വിൽപന ഓൺലൈൻ പ്ലാറ്റ്ഫോമായ ബുക്ക് മൈ ഷോയിലൂടെയാണ് നടക്കുന്നത്. 150 രൂപയാണ് ടിക്കറ്റ് വില. വിഐപി ടിക്കറ്റുകൾക്ക് 350 രൂപയും. ഒരു ദിവസം തന്നെ നടക്കുന്ന രണ്ട് മത്സരങ്ങൾ കാണുന്നതിന് 250 രൂപയാണ് നൽകേണ്ടത്. അതേസമയം ഫൈനൽ മത്സരങ്ങൾക്കുള്ള ടിക്കറ്റ് വിൽപന ആരംഭിച്ചിട്ടില്ല. ഗ്രൂപ്പ് എയിലെ നിർണായക മത്സരമായ കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ് സി പോരാട്ടത്തിന്റെ ടിക്കറ്റ് വിൽപനയും ആരംഭിച്ചു.

സൂപ്പർ കപ്പ് 2023 

ഏപ്രിൽ മൂന്നിനാണ് സൂപ്പർ കപ്പിന് തുടക്കം കുറിക്കുക. ഏപ്രിൽ എട്ടിന് ഗ്രൂപ്പ് മത്സരങ്ങൾ ആരംഭിക്കും. കേരളമാണ് ഇത്തവണത്തെ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. മറ്റൊരു കേരള ബ്ലാസ്റ്റേഴ്സ്- ബെംഗളൂരു എഫ് സി പേരാട്ടത്തിന് സൂപ്പർ കപ്പ് സാക്ഷ്യം വഹിക്കും. ഇരു ടീമുകളും സൂപ്പർ കപ്പിൽ ഒരേ ഗ്രൂപ്പിലാണ് അണിനിരക്കുക. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ വെച്ചാണ് ബ്ലാസ്റ്റേഴ്സ്-ബിഎഫ്സി പോരാട്ടം. ഇഎംഎസ് സ്റ്റേഡിയത്തിന് പുറമെ മഞ്ചേരി പയ്യനാട് സ്റ്റേഡിയവും ടൂർണമെന്റിന് വേദിയാകും.ഗ്രൂപ്പ് എയിലാണ് ബ്ലാസ്റ്റേഴ്സും ബെംഗളൂരുവും ഒരുമിച്ചെത്തിയിരിക്കുന്നത്. ഏപ്രിൽ 16നാണ് ബ്ലാസ്റ്റേഴ്സ്-ബിഎഫ്സി മത്സരം. ഇരു ടീമുകൾക്ക് പുറമെ ഐ-ലീഗ് ചാമ്പ്യന്മാരായ റൗണ്ട്ഗ്ലാസ് പഞ്ചാബ് എഫ് സിയും ഗ്രൂപ്പ് എയിൽ ഇടം നേടി. ക്വാളിഫയർ ജയിച്ചെത്തുന്ന ഐ-ലീഗ് ക്ലബാകും ഗ്രൂപ്പിലെ മറ്റൊരു എതിരാളി. ഐ ലീഗ് ജേതാവായ പഞ്ചാബ് എഫ് സി മാത്രമാണ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് നേരിട്ട് യോഗ്യത നേടിയിരിക്കുന്നത്. ബാക്കി ഐ-ലീഗ് ക്വാളിഫയർ മത്സരത്തിലൂടെയാണ് ഓരോ ഗ്രൂപ്പുകളിലും ഇടം നേടുക. ഐ ലീഗിൽ മൂന്നാം സ്ഥാനത്തുള്ള ഗോകുലം കേരള എഫ് സിക്ക് ഏപ്രിൽ അഞ്ചിനാണ് യോഗ്യത മത്സരം. ലീഗിലെ എട്ടാം സ്ഥാനക്കാരായ ഐസോൾ എഫ്സിയാണ് ഗോകുലത്തിന്റെ എതിരാളി. ഇഎംഎസ് സ്റ്റേഡിയത്തിൽ വെച്ചാണ് ഗോകുലത്തിന്റെ യോഗ്യത മത്സരം.

Exit mobile version