മലപ്പുറം : തിരയുടെ പാട്ടും തീരഭംഗിയും കാണാനെത്തുന്നവർക്ക് പുത്തൻ വിരുന്നൊരുക്കുകയാണ് വിനോദ സഞ്ചാര വകുപ്പ്. പൊന്നാനി, പടിഞ്ഞാറക്കര, താനൂർ ബീച്ചുകളെ കേന്ദ്രീകരിച്ച് ടൂറിസം സർക്യൂട്ടാണ് ലക്ഷ്യമിടുന്നത്. ഡിടിപിസി ഇതിനാവശ്യമായ നടപടി തുടങ്ങി. പൊന്നാനി പൈതൃകംകൂടി സഞ്ചാരികളിലെത്തിക്കുംവിധമാണ് പദ്ധതി. ബിയ്യം കായൽ, ബിയ്യം ബ്രിഡ്ജ്, നിള പാലം എന്നിവയും സർക്യൂട്ടിന്റെ ഭാഗമാകും. ഭാവിയിൽ മറൈൻ മ്യൂസിയം, നിള ഹെറിറ്റേജ് പാർക്ക് എന്നിവയും ഇതിൽ ഉൾപ്പെടുത്താനാകും. അണിഞ്ഞൊരുങ്ങും പടിഞ്ഞാറക്കരപടിഞ്ഞാറക്കര തീരത്ത് സൺസെറ്റ് ബീച്ച് പാർക്കിന്റെ പ്രവൃത്തി പുരോഗമിക്കുകയാണ്. വൈദ്യുതീകരണവും നടക്കുന്നു. ഇവ പൂർത്തിയായാൽ പൊന്നാനി പുഴയും തിരൂർ പുഴയും അറബിക്കടലും സംഗമിക്കുന്ന മനോഹരതീരം സഞ്ചാരികളുടെ ഉള്ളം കവരും. നിലവിൽ ഡിടിപിസിയുടെ പ്രധാന വരുമാന കേന്ദ്രങ്ങളിൽ ഒന്നാണ് പടിഞ്ഞാറക്കര ബീച്ച്. പൊന്നാനി ബീച്ചും സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്നാണ്. എന്നാൽ നിലവിൽ ഡിടിപിസിയുടെ നിയന്ത്രണത്തിലല്ല ഇവിടം. ടൂറിസം പദ്ധതികൾ നടപ്പാക്കാൻ അനുമതിക്കുള്ള ശ്രമംനടക്കുന്നുണ്ട്. അനുമതി ലഭിച്ചാൽ കിയോസ്കുകൾ, ശൗചാലയം പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കും. ബിയ്യം കായലിൽ ഹൗസ് ബോട്ട് ബിയ്യം കായലും പാലവും കാണാൻ സായാഹ്നങ്ങളിൽ സഞ്ചാരിത്തിരക്കേറെ. കായലിൽ ഹൗസ് ബോട്ട്, വിവാഹ ഫോട്ടോഷൂട്ട്, സിനിമാ ഷൂട്ടിങ് എന്നിവയാണ് ലക്ഷ്യമിടുന്നത്. കയാക്കിങ് പോലുള്ളവയുടെ സാധ്യതയും ഉപയോഗപ്പെടുത്തും. ബാക്ക് വാട്ടർ ടൂറിസം ആക്റ്റിവിറ്റികൾ ചെയ്യുന്ന ഏജൻസികളുടെ സഹായം ഇതിനായി ഉപയോഗപ്പെടുത്തും. തൂവൽതീരത്ത് ഒഴുകും പാലംജില്ലയിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് താനൂർ ഒട്ടുമ്പ്രം തൂവൽതീരം ബീച്ചിലാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. ഇത് ടെൻഡർ നടപടിയിലാണ്. ഡിടിപിസിയുടെ കൈവശമുള്ള ബീച്ചിലെ സൗകര്യങ്ങളെല്ലാം കാലപ്പഴക്കത്താൽ നശിച്ചു. ബീച്ച് നവീകരണത്തിന്റെ ഭാഗമായി ഇവ മാറ്റി നിർമിക്കും. ലൈറ്റ്ഹൗസ് ഉൾപ്പെടെ പരിഗണനയിലുണ്ട്. ഇതിനായി എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിന് നൽകും. വെളിച്ചം ഒരുക്കി സന്ദർശന സമയം കൂട്ടും. പാർക്കിങ്, കടമുറി വാടക എന്നിവയിലൂടെ വരുമാന വർധനയും ഡിടിപിസി ലക്ഷ്യമിടുന്നു. തീരത്ത് നിക്ഷേപക സംഗമവുംതീരത്ത് വിവിധ വിനോദ സഞ്ചാര പദ്ധതികൾ ഒരുക്കാൻ നിക്ഷേപക സംഗമം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഡിടിപിസി. പാരാഗ്ലൈഡിങ് പോലുള്ള വാട്ടർ അഡ്വഞ്ചർ ആക്റ്റിവിറ്റികൾ ജില്ലയിലെത്തിക്കുന്നതിനാണ് സംഗമമെന്ന് ഡിടിപിസി സെക്രട്ടറി വിപിൻ ചന്ദ്ര പറഞ്ഞു. ഉത്തരവാദിത്ത ടൂറിസം മിഷനെ ഉൾപ്പെടുത്തിയാണ് പദ്ധതികൾ. ഹോംസ്റ്റേ, ഉത്തരവാദിത്ത ടൂറിസം പ്രോത്സാഹനംകൂടി ഉറപ്പാക്കും. ആറ് കോടിയോളം രൂപ ചെലവിട്ട് തീരദേശ ടൂറിസത്തിന് പുത്തന് ഊർജം നൽകാനാണ് ഉദ്ദേശിക്കുന്നത്
Read more: https://www.deshabhimani.com/news/kerala/tourism-department-kerala/1081408