ശബരിമല
തങ്കഅങ്കി ഘോഷയാത്രയെ തിങ്കളാഴ്ച സന്നിധാനത്ത് ശരണംവിളികളോടെ വരവേറ്റു. പകൽ രണ്ടിന് ഘോഷയാത്രയെ പമ്പ ഗണപതി കോവിലിലേക്ക് പമ്പ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അയ്യപ്പന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. വൈകിട്ട് 3.30വരെ തീർഥാടകർ ഇവിടെ തങ്കഅങ്കി ദർശിച്ചു.
പമ്പയിൽനിന്ന് പുറപ്പെട്ട് നീലിമലയും അപ്പാച്ചിമേടും ശബരീപീഠവും കടന്ന് 5.30ന് ശരകുത്തിയിലെത്തി. ഇവിടെനിന്ന് ശബരിമല ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എച്ച് കൃഷ്ണകുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി എസ് ശാന്തകുമാർ, എഇഒ രവികുമാർ, സോപാനം സ്‌പെഷ്യൽ ഓഫീസർ രാജീവ് എന്നിവർ സ്വീകരിച്ച് പതിനെട്ടാംപടിയിലേക്ക് ആനയിച്ചു. 6.15ന് പതിനെട്ടാംപടി കയറിയെത്തിയ ഘോഷയാത്രയെ കൊടിമരച്ചുവട്ടിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ, തമിഴ്‌നാട് ദേവസ്വം മന്ത്രി പി കെ ശേഖർ ബാബു, ദേവസ്വം പ്രസിഡന്റ് കെ അനന്തഗോപൻ, കെ യു ജനീഷ്‌കുമാർ എംഎൽഎ, ദേവസ്വം അംഗം അഡ്വ. എസ് എസ് ജീവൻ, എഡിജിപി എം ആർ അജിത്കുമാർ തുടങ്ങിയവർ സ്വീകരിച്ച് സോപാനത്തേക്ക് ആനയിച്ചു. സോപനത്ത് തന്ത്രി കണ്ഠര് രാജീവര് തങ്കഅങ്കി ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തി. 41 ദിവസത്തെ മണ്ഡലകാലത്തിന് സമാപനംകുറിച്ച് ചൊവ്വ പകൽ 12.30നും ഒന്നിനുമിടയിൽ കണ്ഠര് രാജീവരുടെ മുഖ്യകാർമ്മികത്വത്തിൽ മണ്ഡലപൂജ നടക്കും.