കെഎസ്‌ആർടിസി സ്വിഫ്‌റ്റിലേക്ക്‌ 600 കണ്ടക്ടർ കം ഡ്രൈവർമാരെ നിയമിക്കുന്നു.

തിരുവനന്തപുരം : കെഎസ്‌ആർടിസി സ്വിഫ്‌റ്റിലേക്ക്‌ 600 കണ്ടക്ടർ കം ഡ്രൈവർമാരെ നിയമിക്കുന്നു. മാനേജ്‌മെന്റ്‌ ഡെവലപ്പ്‌മെന്റ്‌ സെന്ററിനെയാണ്‌ റിക്രൂട്ട്‌മെന്റിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്‌. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പത്താംക്ലാസ്‌ പാസായിരിക്കണം. പ്രായം 24 മുതൽ 55 വയസുവരെ. ഹെവി ഡ്രൈവിങ്‌ ലൈസൻസ്‌ ഉള്ളവരായിരിക്കണം അപേക്ഷകർ. വനിതകൾക്കും അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെട്ടാൽ നിശ്‌ചിത കാലയളവിനുള്ളിൽ കണ്ടക്ടർ ലൈസൻസ്‌ എടുക്കണം. 30 സീറ്റിൽ അധികം സീറ്റുകളുള്ള പാസഞ്ചർ വാഹനം അഞ്ചുവർഷമെങ്കിലും ഓടിച്ചുള്ള പരിചയമുണ്ടാകണം. ഡ്രൈവിങ് ടെസ്‌റ്റും അഭിമുഖവും നടത്തിയാകും റാങ്ക്‌ലിസ്‌റ്റ്‌ തയ്യാറാക്കുക. കരാറടിസ്ഥാനത്തിലാകും നിയമനം. എട്ടുമണിക്കൂർ ജോലിക്ക് 715 രൂപ ലഭിക്കും. അധികം ചെയ്യുന്ന ഓരോ മണിക്കൂറിനും 130 രൂപ വച്ച്‌ നൽകും. ഇതിന്‌ ഇൻസെന്റീവ്‌, അലവൻസ്‌,  ബാറ്റ എന്നിവ ലഭിക്കും

സിറ്റി സർക്കുലറിൽ പുതുതായി ബസുകൾ എത്തുന്ന സാഹചര്യത്തിലാണ്‌ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചത്‌. പ്ലാൻഫണ്ട്‌ ഉപയോഗിച്ച്‌ 150 സൂപ്പർഫാസ്‌റ്റ്‌ ബസുകളും സിറ്റി സർക്കുലറിന്‌ 63 ഇലക്‌ട്രിക്‌ ബസുകളുമാണ്‌ എത്തുന്നത്‌. തിരുവനന്തപുരം സ്‌മാർട്ട്‌സിറ്റി പദ്ധതിയിൽനിന്ന്‌ 113 ഇലക്‌ട്രിക്‌ ബസ്‌ അനുവദിച്ചിരുന്നു. അതിൽ 50 ബസുകൾ കഴിഞ്ഞമാസം ലഭിച്ചിരുന്നു. ബാക്കി വരുന്ന 63 ബസുകൾ ഒരുമാസത്തിനകം എത്തുമെന്നാണ്‌ കരുതുന്നത്‌. ഒരുബസിന്‌ നാലുപേരെവച്ചാണ്‌ ആവശ്യമുള്ളത്‌. നിലവിൽ സ്വിഫ്‌റ്റിന്‌ 353 ബസുകളുണ്ട്‌. ഇതിലായി 1300 ഓളം ജീവനക്കാരും. . കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നിനും: www.cmd.kerala.gov.in. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 20 ന്‌ വൈകിട്ട്‌ അഞ്ചുവരെ.

Exit mobile version