ആലപ്പുഴ: കഴിഞ്ഞ തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മൃഗീയ ഭൂരിപക്ഷത്തോടെ യുഡിഎഫ് എംപിമാർ പാർലമെന്റിലേക്ക് മാർച്ച് ചെയ്തപ്പോഴും എൽഡിഎഫിനെ കൈവിടാതെ കൂടെ ചേർത്തുനിർത്തി മണ്ഡലമാണ് ആലപ്പുഴ. എന്നാൽ ഇക്കുറി ഈ സാഹചര്യം മറികടന്ന് മണ്ഡലം തിരിച്ചു പിടിക്കാമെന്നുള്ള കണക്ക് കൂട്ടലിലാണ് കെസി വേണുഗോപാൽ.
ദേശീയ നേതാവ് എന്ന പകിട്ട് തന്നെയാണ് കെസിയുടെ മുൻതൂക്കം. എന്നാൽ അത് മാത്രമല്ല മണ്ഡലത്തിലെ കെസിയുടെ പരിചയവും. ആരിഫ് ജയിക്കുന്നതിന് മുൻപ് അതായത് 2014ൽ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എംപിയായി പാർലമെന്റിൽ എത്തിയ ആളാണ് കെസി വേണുഗോപാൽ. എന്നാൽ കഴിഞ്ഞ തവണ കേന്ദ്ര നേതൃത്വത്തിന്റെ തിരക്കുകളിൽ മുഴുകിയതിനാൽ മത്സരിക്കാൻ കഴിയാതെ വരികയായിരുന്നു. ഈ നഷ്ടം ഇക്കുറി തീർക്കാൻ ഒരുങ്ങി തന്നെയാണ് കെസിയുടെ പ്രചരണം. ഏകദേശം മൂന്ന് പതിറ്റാണ്ടോളമായി ആലപ്പുഴക്കാർക്ക് സുപരിചിതനാണ് കെസി വേണുഗോപാൽ. ഇക്കാലയളവിൽ രണ്ട് വട്ടം എംപിയും മൂന്ന് വട്ടം എംഎൽഎയും ഒക്കെയായി. അതുകൊണ്ട് തന്നെ മണ്ഡലത്തിൽ ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യം അദ്ദേഹത്തിനില്ല.
ഒരു മികച്ച സംഘാടകൻ എന്ന നിലയിൽ പേരെടുത്ത കെസിക്ക് പക്ഷേ ആലപ്പുഴയിൽ ഈസി വാക്കോവർ കിട്ടുമെന്ന പ്രതീക്ഷ ഒരിക്കലും വേണ്ട. അതിന് വെല്ലുവിളി തീർക്കുന്നത് രണ്ട് പേരാണ്. മണ്ഡലത്തിലെ സിറ്റിങ് എംപിയായ എഎം ആരിഫിനെ സംബന്ധിച്ച് ഇത് രണ്ടാമൂഴമാണ്. തന്നെ വിശ്വസിച്ച് പാർട്ടി ഏൽപിച്ച ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ ആരിഫ് കഠിന ശ്രമത്തിലാണ്.
മറുവശത്ത് ശോഭ സുരേന്ദ്രൻ എന്ന തീപൊരി നേതാവിനെ ഇറക്കി ആലപ്പുഴയുടെ സമുദായ സമവാക്യത്തെ തന്നെ ഇളക്കി മറിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അതിൽ അവർ വിജയിച്ചാൽ കൂടുതൽ വോട്ടുകൾ പിടിക്കുമെന്ന് ഉറപ്പാണ്. തീർച്ചയായും ഈ വോട്ടുകൾ ചോരുന്നത് കൂടുതലും വലതുപക്ഷത്ത് നിന്നായിരിക്കും എന്ന കണക്കുകൂട്ടലിലാണ് സിപിഎം.