ഹജ്ജ് തീര്‍ഥാടകരുടെ താമസസ്ഥലം കര്‍ശന നിരീക്ഷണത്തില്‍; സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്താന്‍ നടപടിയുമായി സഊദി അധികൃതര്‍

റിയാദ്: ഹജജ് തീര്‍ഥാടകരുടെ വിശുദ്ധ നഗരങ്ങളിലെ താമസം ഏറ്റവും ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിധേയമാണെന്ന് സഊദി അറേബ്യ. സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തുന്നതിനും തീര്‍ഥാടകര്‍ വഞ്ചിക്കപ്പെടാതിരിക്കുവാനും അധികാരികള്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സഊദി അറേബ്യന്‍ പബ്ലിക് പ്രോസിക്യൂഷന്‍ സ്ഥിരീകരിച്ചു.
തീര്‍ഥാടകരുടെ താമസസ്ഥലം മറ്റുതരത്തിലുള്ള അപകടസാധ്യതകള്‍ ഇല്ലാത്തതും ദോഷകരമായ മറ്റുകാര്യങ്ങള്‍ ഇല്ലാത്തതുമാണ്. സാങ്കേതിക അല്ലെങ്കില്‍ സംഘടനാ ചട്ടങ്ങളില്‍ അനുശാസിക്കുന്ന സുരക്ഷാ മാര്‍ഗങ്ങള്‍ നിലനിര്‍ത്തുന്നതില്‍ യാതൊരു അശ്രദ്ധയും കണ്ടെത്താനായിട്ടില്ലെന്ന് സഊദി പ്രോസിക്യൂഷന്‍ പറഞ്ഞു.

അഗ്‌നി സംരക്ഷണ ആവശ്യകതകള്‍ താമസ കേന്ദ്രങ്ങള്‍ പൂര്‍ണമായും പാലിച്ചിട്ടുണ്ടെന്നും സുരക്ഷാ പദ്ധതികളില്‍ എന്‍ജിനീയറിംഗ് ഓഫീസുകളുടെ ഭാഗത്തുനിന്നും വഞ്ചനാപരമായ നടപടികള്‍ കണ്ടെത്തിയിട്ടില്ലെന്നം അറിയിച്ചു. 
ഏതെങ്കിലും അപകടകരമായ ലംഘനം കാരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചതിന് ശേഷം, പ്രശ്‌നം പരിഹരിക്കാതെ ഒരു സൗകര്യം പൂര്‍ണമായോ ഭാഗികമായോ പുനരാരംഭിക്കുന്നതും നിരോധിച്ചിരിക്കുന്നു.

അന്താരാഷ്ട്ര തലത്തിലോ രാജ്യങ്ങളോ അംഗീകരിച്ച സാങ്കേതിക നിയന്ത്രണങ്ങളോ മാനദണ്ഡങ്ങളോ പാലിക്കാത്ത സുരക്ഷാ സംവിധാനങ്ങളും ഉപകരണങ്ങളും മാര്‍ഗങ്ങളും ഹാജിമാരുടെ താമസവുമായി ബന്ധപ്പെട്ട മേഖലകളില്‍ ഇറക്കുമതി ചെയ്യുന്നതോ വില്‍ക്കുന്നതോ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോ പൂര്‍ണമായും നിരോധിച്ചിരുന്നു. 
ഹാജിമാര്‍ക്ക് താമസിക്കാനൊരുക്കുന്ന മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അധികാരികള്‍ നിരോധിച്ച ഏതെങ്കിലും പ്രവൃത്തികള്‍ ചെയ്തുകൊണ്ട് ആരെങ്കിലും ലംഘനം നടത്തിയാല്‍ ആറ് മാസം വരെ തടവും 30,000 റിയാല്‍ വരെ പിഴയും ഈടാക്കുമെന്നും സഊദി അറേബ്യന്‍ പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

Exit mobile version