ശീതനിദ്രയിൽ കഴിയുന്ന ചാന്ദ്രയാൻ 3 ലാൻഡറിനെയും റോവറിനെയും ഉണർത്താനുള്ള ശ്രമം ആരംഭിച്ചു

തിരുവനന്തപുരം :ശീതനിദ്രയിൽ കഴിയുന്ന ചാന്ദ്രയാൻ 3 ലാൻഡറിനെയും റോവറിനെയും ഉണർത്താനുള്ള ശ്രമം ആരംഭിച്ചു. കഴിഞ്ഞ നാലിനാണ്‌ ലാൻഡറും റോവറും സ്ലീപ്പ്‌ മോഡിലായത്‌. വ്യാഴാഴ്‌ച ബംഗളൂരുവിലെ ഐഎസ്‌ആർഒ കേന്ദ്രമായ ഇസ്‌ട്രാക്കിൽനിന്ന്‌ കമാൻഡുകൾ അയച്ചെങ്കിലും ലാൻഡർ പ്രതികരിച്ചില്ല. നേരിട്ടും ചന്ദ്രനെ ചുറ്റുന്ന ഓർബിറ്റർ വഴിയുമാണ്‌ കമാൻഡ്‌ അയച്ചത്‌. വെള്ളിയാഴ്‌ചയും ശ്രമം തുടരും. ഭൂമിയിൽനിന്ന്‌ നൽകുന്ന നിർദേശം സ്വീകരിക്കാനുള്ള സംവിധാനം പ്രവർത്തന സജ്ജമായിട്ടില്ലെന്നാണ്‌ വിലയിരുത്തൽ.

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ 17 ദിവസമായി അതിശൈത്യത്തിൽ കഴിഞ്ഞ ഇരുപേടകങ്ങളിലെ  ഉപകരണങ്ങൾക്കും മറ്റ്‌ സംവിധാനങ്ങൾക്കും അതിജീവിക്കാൻ കഴിയുമോ എന്ന്‌ സംശയമുണ്ട്‌.

രണ്ടാഴ്‌ച നീണ്ട രാത്രിക്കുശേഷം മേഖലയിൽ സൂര്യപ്രകാശം പരക്കുന്നതേയുള്ളൂ. പേടകങ്ങളിലെ  സൗരോർജപാനലുകളിൽ സൂര്യപ്രകാശം പൂർണതോതിൽ പതിക്കുകയും ബാറ്ററികൾ ചാർജാവുകയും വേണം. പേടകങ്ങളിലെ താപനിലയും ഉയരണം. രാത്രികാല താപനില മൈനസ്‌ 200 ഡിഗ്രിസെൽഷ്യസുവരെ താഴ്‌ന്നിരുന്നു. ലാൻഡർ പ്രവർത്തിച്ചാൽ മാത്രമേ റോവറുമായുള്ള ആശയവിനിമയം സാധ്യമാകുകയുള്ളൂ.

Exit mobile version