വിവിധ രാജ്യങ്ങളിലായി മങ്കിപോക്സ് കേസുകൾ ആയിരം കടന്നു; മുന്നറിയിപ്പുമായി ഡബ്ല്യുഎച്ച്ഒ

ജനീവ: വിവിധ രാജ്യങ്ങളിലായി മങ്കിപോക്സ് കേസുകളുടെ എണ്ണം 1,000 കടന്നതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) വ്യക്തമാക്കി. ആഫ്രിക്കൻ രാജ്യങ്ങൾക്ക് പുറത്ത് മങ്കിപോക്സ് കേസുകൾ വ്യാപിക്കാൻ തുടങ്ങിയതിന് ശേഷം ഇതുവരെ ആയിരത്തിലധികം കേസുകൾ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ജനീവയിൽ വാർത്താസമ്മേളനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ, സ്ഥിതി​ഗതികൾ നിയന്ത്രണവിധേയമാണെന്നും വ്യാപനം തടയുന്നതിന് മുൻകരുതൽ സ്വീകരിക്കാൻ വിവിധ രാജ്യങ്ങളോട് അഭ്യർഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ആഫ്രിക്കയ്ക്ക് പുറത്ത് 29 രാജ്യങ്ങളിളായി ആയിരത്തിലധികം കേസുകളാണ് ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചിരിക്കുന്നത്. നിരവധി കേസുകൾ നിരീക്ഷണത്തിലാണ്. യൂറോപ്പിലാണ് ഭൂരിഭാ​ഗം കേസുകളും സ്ഥിരീകരിച്ചതും നിരീക്ഷണത്തിലുള്ളതും. എന്നാൽ, മങ്കിപോക്സ് ബാധിച്ച് ഈ രാജ്യങ്ങളിൽ ഇതുവരെ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സ്വവർ​ഗ ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാരിലാണ് മങ്കിപോക്സ് കൂടുതലായും റിപ്പോർട്ട് ചെയ്യുന്നതെന്നാണ് ​ഗവേഷകർ വ്യക്തമാക്കുന്നത്. സ്ത്രീകളിലും മങ്കിപോക്സ് വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചില രാജ്യങ്ങളിൽ ഇപ്പോൾ പ്രകടമായ കമ്മ്യൂണിറ്റി ട്രാൻസ്മിഷൻ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതും ആശങ്ക വർധിപ്പിക്കുന്നുണ്ട്.

Exit mobile version