വാഷിംഗ്ടൺ ഡിസിയിൽ സംഗീത പരിപാടിയ്ക്കിടെ വെടിവെപ്പ്

Washington DC: അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്.  വാഷിംഗ്ടൺ ഡിസിയുടെ യു സ്ട്രീറ്റ് നോർത്ത് വെസ്റ്റിൽ ഒരു സംഗീത പരിപാടിയ്ക്കിടെയാണ് വെടിവെപ്പ് നടന്നത്.  വൈറ്റ് ഹൗസിൽ നിന്ന് വെറും രണ്ട് മൈല്‍ മാത്രം അകലെയാണ് ഇത്. 

വെടിവെപ്പില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനടക്കം നിരവധി ആളുകൾക്ക് വെടിയേറ്റതായി യുഎസിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പോലീസ് ഉദ്യോഗസ്ഥന് വെടിയേറ്റതായി ഡിസി പോലീസ് യൂണിയനും സ്ഥിരീകരിച്ചിട്ടുണ്ട്. വെടിയേറ്റ പോലീസ് ഉദ്യോഗസ്ഥന്‍ ആശുപത്രിയിൽ ചികിത്സയിലാണ് എന്നും അദ്ദേഹത്തിന്‍റെ ആരോഗ്യ നില തൃപ്തികരമാണ് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

അമേരിക്കയിലെ ഒരു പ്രാദേശിക മാധ്യമം നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച്  യു സ്ട്രീറ്റിലെ “മോചേല”  എന്ന പേരിലുള്ള സംഗീതോത്സവം നടക്കുന്ന സ്ഥലത്തോ അതിനടുത്തോ ആണ് ഷൂട്ടിംഗ് നടന്നത്. പോലീസ് ഉദ്യോഗസ്ഥനടക്കം നിരവധി പേര്‍ക്ക്  പരിക്ക് വെടിയേറ്റതായും  മാധ്യമം പറയുന്നു.  ആ പ്രദേശത്തേയ്ക്കുള്ള യാത്ര തത്ക്കാലം  ഒഴിവാക്കാനാണ് പോലീസ്  നിര്‍ദ്ദേശം. 

അമേരിക്കയില്‍ വെടിവെപ്പ് പതിവാകുകയാണ്. കഴിഞ്ഞ മെയ് 24 ന് ടെക്സസിലെ ഉവാൾഡെയിലെ റോബ് എലിമെന്‍ററി സ്കൂളിൽ നടന്ന കൂട്ട വെടിവെപ്പില്‍  19 കുട്ടികൾ ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടു.  2018 -ല്‍ ഫ്ലോറിഡയിലെ പാർക്ക്‌ലാൻഡിലെ മാർജോറി സ്റ്റോൺമാൻ ഡഗ്ലസ് ഹൈസ്‌കൂൾ വെടിവയ്പ്പിൽ 17 പേർ കൊല്ലപ്പെട്ടതിന് ശേഷമുള്ള  ഏറ്റവും ഭീകരമായ ആക്രമണമാണിത്.

Exit mobile version