വാക്ക് പിഴവിൽ പിടിച്ചുതൂങ്ങി ബിജെപി :ലോക്സഭയ്ക്കകത്ത് അഴിഞ്ഞാടി സ്മൃതി ഇറാനി: എന്നോട് സംസാരിക്കരുത് -ഇറാനിയോട് സോണിയ

ന്യൂ ഡൽഹി : കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് അധിർ രഞ്ജൻ ചൗധരിയുടെ നാക്ക് പിഴവിനെ ആയുധമാക്കി പാർലമെന്റിൽ ബിജെപിയുടെ പ്രതിഷേധം. ലോക്സഭയ്ക്കകത്ത് സോണിയാഗാന്ധി മാപ്പ് പറയണമെന്നായിരുന്നു ബിജെപിയുടെ മുദ്രാവാക്യം. സഭ തുടങ്ങുന്നതിനു മുമ്പും ഇതേ വിഷയം ഉന്നയിച്ച് ബിജെപി എംപിമാർ പാർലമെന്റ് വളപ്പിൽ കോൺഗ്രസിനെതിരെ പ്രതിഷേധ മുദ്രാവാക്യം വിളിച്ചിരുന്നു. രാഷ്ട്രപതി ദ്രൗപതി മുർമുവിനെ രാഷ്ട്രപത്നി എന്ന് വിളിച്ചതാണ് ബിജെപിയെ ചൊടിപ്പിച്ചത്. അത് നാക്കുപിഴ മൂലം ഉണ്ടായതാണെന്നും, വേണമെങ്കിൽ രാഷ്ട്രപതിയെ കണ്ട് നേരിൽ മാപ്പ് പറയാമെന്നും അധിർ രഞ്ജൻ ചൗധരി പറഞ്ഞിരുന്നു. എന്നാൽ സംഭവത്തെ രാഷ്ട്രീയ ആയുധമാക്കാനാണ് ബിജെപി ശ്രമിച്ചത്. ലോക്സഭയ്ക്കകത്ത് രമാദേവിയുമായി മാന്യമായി സംസാരിച്ച് നിൽക്കുമ്പോൾ സ്മൃതി ഇറാനി സോണിയയ്ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. കൈവിരൽ ചൂണ്ടി തന്റെ അടുത്തേക്ക് വന്ന ഇറാനി യോട് സംസാരിക്കാൻ താല്പര്യം ഇല്ലെന്നാണ് സോണിയ പ്രതികരിച്ചത്. ഇത് നിങ്ങളുടെ പാർട്ടി ഓഫീസല്ല, ഇങ്ങനെ പെരുമാറരുത് എന്നിങ്ങനെയാണ് ഇറാനി സോണിയയോട് പ്രതികരിച്ചത് . സഭയിലെ അംഗങ്ങളെ ചോദ്യംചെയ്യാൻ യാതൊരുവിധ അവകാശമില്ലാത്ത ഇറാനിയുടെ പെരുമാറ്റം പ്രതിപക്ഷ എം പി മാരെയും ചൊടിപ്പിച്ചു. എൻസിപിയുടെ അംഗം സുപ്രിയ സുലെ, തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര തുടങ്ങിയവർ പിന്നീട് സോണിയഗാന്ധിയുടെ അടുത്തെത്തി ഇറാനിയുടെ സമീപത്തു നിന്നും മാറ്റുകയായിരുന്നു. സംഭവത്തിൽ അധിർ രഞ്ജൻ ചൗധരി ഇതിനകം മാപ്പ് പറഞ്ഞിട്ടുണ്ട്. എന്താണ് എന്റെ തെറ്റെന്ന് സോണിയ രാമാ ദേവിയോട് ചോദിച്ചിരുന്നു. മറ്റൊരു അംഗവും കാണിക്കാത്ത മര്യാദകേടാണ് ഇന്നലെ സഭയ്ക്കകത്ത് സ്മൃതി ഇറാനിയിൽ നിന്നും ഉണ്ടായത്.

Exit mobile version