ലുസെയ്‌ൽ സ്‌റ്റേഡിയത്തിൽ ബ്രസീൽ കടലിരമ്പം.

ദോഹ: ലുസെയ്‌ൽ സ്‌റ്റേഡിയത്തിൽ ബ്രസീൽ കടലിരമ്പം തീർത്തു. സെർബിയയുടെ പ്രതിരോധ കോട്ടയെ തച്ചുതകർത്ത്‌ റിച്ചാർലിസണും കൂട്ടരും അവിടെ ആനന്ദ നൃത്തമാടി. രണ്ട്‌ ഗോളും റിച്ചാർലിസണിന്റെ കാലിൽനിന്നായിരുന്നു. അതിൽ രണ്ടാമത്തേത്‌ ഈ ലോകകപ്പിൽ പിറന്ന ഏറ്റവും മനോഹര ഗോളായി മാറി. നെയ്‌മറും റിച്ചാർലിസണും റഫീന്യയും വിനീഷ്യസ്‌ ജൂനിയറും ഉൾപ്പെട്ട ആക്രമണ നിരയുമായി ഇറങ്ങിയ കാനറികളെ എങ്ങനെയും പ്രതിരോധിക്കുക എന്നത്‌ മാത്രമായിരുന്നു സെർബിയയുടെ തന്ത്രം. ആദ്യപകുതിയിൽ അവർ അത്‌ ഭംഗിയായി നടപ്പാക്കി. റഫീന്യയ്‌ക്ക്‌ രണ്ട്‌ മികച്ച അവസരങ്ങൾ കിട്ടിയെങ്കിലും ഗോളാക്കാനായില്ല. നെയ്‌മർക്ക്‌ പതിവുതാളത്തിലെത്താൻ കഴിഞ്ഞതുമില്ല.ഇടവേളയ്‌ക്കുശേഷം സെർബിയ പ്രതിരോധം തുടർന്നു. എന്നാൽ അലകളായി എത്തിയ ബ്രസീൽ ആക്രമണത്തെ ഏറെസമയം പിടിച്ചുനിർത്താൻ സെർബിയക്ക്‌ കഴിഞ്ഞില്ല. അതുവരെ പതുങ്ങിനിന്ന റിച്ചാർലിസൺ ഉഗ്രഭാവം പൂണ്ടു. 62–-ാം മിനിറ്റിൽ സെർബിയൻ കോട്ട ഇളകി. ഇടതുവശത്ത്‌ പ്രതിരോധ താരങ്ങളെ വകഞ്ഞുമാറ്റി മുന്നോട്ടുകയറിയ നെയ്‌മർ വിനീഷ്യസിലേക്ക്‌ പന്ത്‌ നൽകി. കരുത്തുറ്റ ഷോട്ട്‌ ഗോൾമുഖത്തേക്ക്‌ പറന്നു. ഗോൾ കീപ്പർ തടഞ്ഞിട്ടു. പക്ഷേ, പന്ത്‌ കിട്ടിയത്‌ റിച്ചാർലിസണിന്റെ കാലിൽ. ആ ഗോളിൽ സെർബിയ വിളറി.

Exit mobile version