മയ്യനാട് റെയിൽവേ സ്റ്റേഷൻ; സ്വകാര്യവൽക്കരണത്തിന് വീണ്ടും നീക്കം.

കൊല്ലം : മയ്യനാട് റെയിൽവേ സ്റ്റേഷൻ സ്വകാര്യവൽക്കരിക്കാൻ വീണ്ടും നീക്കം. ജീവനക്കാരുടെ തസ്‌തിക നിലനിർത്താതെ സ്റ്റേഷനെ ഹാൾട്ടാക്കി മാറ്റി സ്വകാര്യ വ്യക്തികൾക്ക്‌  കൈമാറാനാണ്‌ ശ്രമം. മയ്യനാട്‌, കണിയാപുരം, ബാലരാമപുരം സ്റ്റേഷനുകളിലെ ജീവനക്കാരെ പിൻവലിച്ച്‌ കരാർ നൽകാനുള്ള നീക്കം ഒരുവർഷം മുമ്പാണ്‌ ആരംഭിച്ചത്‌. കൊമേഴ്‌സ്യൽ ജീവനക്കാരെ വിന്യസിക്കുന്ന പിൻപോയിന്റിങ്‌ മീറ്റിങ്ങിൽ മറ്റു രണ്ടു സ്റ്റേഷനിൽ നിന്ന് കൊമേഴ്സ്യൽ ജീവനക്കാരുടെ തസ്‌തിക എടുത്ത് കളഞ്ഞിരുന്നു. പുതിയതായി തസ്‌തിക അനുവദിക്കേണ്ട മയ്യനാട്ട് അനുവദിച്ചതുമില്ല. മയ്യനാട് ഉൾപ്പെടെ മൂന്ന്‌ സ്റ്റേഷനും കരാർ നൽകാനുള്ള നീക്കത്തിന്റെ  ആദ്യ പടിയായായിരുന്നു അതെന്നാണ് സൂചന. അടുത്തിടെ ബാലരാമപുരം, കണിയാപുരം സ്റ്റേഷനുകളുടെ നടത്തിപ്പ്‌ ചുമതല സ്വകാര്യ വ്യക്തികൾക്ക്‌ കൈമാറി. വരുമാനം കുറവുള്ള സ്‌റ്റേഷനുകളെ സ്വകാര്യ മേഖലയ്‌ക്ക്‌ കൈമാറാനുള്ള റെയിൽവേ മാനേജ്‌മെന്റ്‌ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്‌ സ്റ്റേഷനുകളെ ഘട്ടംഘട്ടമായി  തരംതാഴ്‌ത്തി കൈമാറുന്നത്‌.  മൂന്ന് സ്റ്റേഷൻമാസ്റ്റർമാരും നിരവധി ട്രാഫിക് ജീവനക്കാരും ഉണ്ടായിരുന്ന മയ്യനാട്‌ കൊല്ലത്തിനും പരവൂരിനും ഇടയ്ക്ക് സിഗ്നലിങ്‌ സംവിധാനം ഉള്ള ഏക ബ്ലോക്ക് സ്റ്റേഷനായിരുന്നു. എന്നാൽ, കോവിഡ് അടച്ചിടലിനു തൊട്ടുമുമ്പ് 2020 ഒക്ടോബറിൽ ഇവിടെ നിന്ന് എല്ലാ സിഗ്നലിങ്‌  സംവിധാനവും മാറ്റി.  ജീവനക്കാരെയും മറ്റു സ്റ്റേഷനുകളിലേക്കു മാറ്റി. യാത്രക്കാരുടെ ശക്തമായ പ്രക്ഷോഭത്തെ തുടർന്ന്‌ കരാർവൽക്കരിക്കില്ലെന്നും റെയിൽവേ നിയന്ത്രണത്തിൽ തുടർന്നും സ്റ്റേഷൻ നിലനിർത്തുമെന്നും അധികൃതർ ഉറപ്പ് നൽകിയിരുന്നു. തുടർന്ന് തിരുവനന്തപുരം സ്റ്റേഷനിലെ കൊമേഴ്സ്യൽ വിഭാഗത്തിലെ ജീവനക്കാരനെ താൽക്കാലികമായി നിയമിച്ചു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുകയും ട്രെയിനുകൾ കൂടുതൽ ഓടിത്തുടങ്ങുകയും ചെയ്തതോടെ കൊല്ലത്തുനിന്ന് ഒരു കൊമേഴ്സ്യൽ വിഭാഗം ജീവനക്കാരനെക്കൂടി താൽക്കാലികമായി നിയമിച്ചു.  ഇവരെ പിൻവലിച്ച്‌ സ്വകാര്യ വ്യക്തികൾക്ക്‌ കൈമാറാനുള്ള നീക്കമാണിപ്പോൾ രഹസ്യമായി നടക്കുന്നത്‌.  നിലവിൽ പാസഞ്ചർ, മെമു ട്രെയിനുകൾക്കു പുറമേ  ഇന്റർസിറ്റി, വേണാട്‌ എക്സ്പ്രസ് എന്നിവയ്ക്കാണ് ഇവിടെ സ്റ്റോപ്പുള്ളത്‌. സ്റ്റേഷനിൽ മേൽപ്പാലം ഉൾപ്പെടെ കോടികളുടെ  വികസന പ്രവർത്തനമാണ്‌ അടുത്തിടെ പൂർത്തിയാക്കിയത്‌. ഇവിടെ റിസർവേഷൻ സൗകര്യം ഏർപ്പെടുത്തണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്‌.

Exit mobile version