പറക്കും കാറുകള്‍ ഇനി യാഥാര്‍ത്ഥ്യം.

ദുബായ്: അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ദുബായ് നിരത്തില്‍ പറക്കും ടാക്‌സികള്‍ സജ്ജമാകും. ആഗോള സര്‍ക്കാര്‍ ഉച്ചകോടിയോടനുബന്ധിച്ച്  ആര്‍ ടി എ ഒരുക്കിയ പ്രദര്‍ശനത്തിന്റെ ഭാഗമായാണ് ഗതാഗതരംഗത്തെ വിപ്ലവകരമായ മാറ്റം വരുത്തുന്ന പറക്കും ടാക്‌സികളെ കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടായത്. നാലുപേര്‍ക്ക് സഞ്ചരിക്കാവുന്ന പറക്കും ടാക്‌സികളുടെ വേഗത മണിക്കൂറില്‍ 300 കിലോമീറ്റര്‍ ആയിരിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. പറക്കും ടാക്‌സികളെ കുറിച്ചുള്ള ആലോചനകള്‍ വളരെ കാലങ്ങളായി നടന്നുകൊണ്ടിരിക്കുകയായിരുന്നു. 2017 ലെ ആഗോള സര്‍ക്കാര്‍ ഉച്ചകോടിയില്‍ ഇതിന്റെ ഒരു മാതൃക ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി പ്രദര്‍ശിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇതിന്റെ പരീക്ഷണ പറക്കലും പദ്ധതികളുമായി ആര്‍ടിഎ മുന്നോട്ടു പോകുകയായിരുന്നു. ആഗോള സര്‍ക്കാര്‍ ഉച്ചകോടിയില്‍ ഇതിന്റെ പ്രവര്‍ത്തനത്തിനുള്ള അംഗീകാരം പ്രഖ്യാപിച്ചതോടെ റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട്  അതോറിറ്റിക്ക് ഇനി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാം.

2030 ഓടെ 25% യാത്രകളും ഡ്രൈവറില്ലാ വാഹനങ്ങള്‍ വഴി നടപ്പിലാക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ള ആര്‍ടിഒയുടെ സെല്‍ഫ് ഡൈവിംഗ് ട്രാന്‍സ്‌പോര്‍ട്ട് സ്ട്രാറ്റജിയെ ശക്തിപ്പെടുത്തുന്നതാണ് പറക്കും ടാക്‌സികളുടെ രംഗപ്രവേശനം. 2026 മുതല്‍ ഘട്ടം ഘട്ടമായി പറക്കും ടാക്‌സികള്‍ അധികൃതര്‍ നടപ്പിലാക്കും. 2023 അവസാനത്തോടെ 10 ഓട്ടോണമസ് ടാക്‌സികള്‍ ജിഎം ക്രൂയിസുമായി സഹകരിച്ച് പ്രവര്‍ത്തനം ആരംഭിക്കാന്‍ അധികൃതര്‍ ആലോചിച്ചു വരുന്നു. പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന ഇന്ധനങ്ങളുടെ ഉപയോഗം കുറച്ച് പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനം ബദലായി ലക്ഷ്യമിട്ടിട്ടുള്ള ആര്‍ ടി എ ഒട്ടേറെ നൂതന പദ്ധതികളുമായാണ് ഗതാഗതരംഗത്ത് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.

Exit mobile version