ദുബായിലെ കരാമയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നിരവധി മലയാളികള്‍ക്ക് പരിക്കേറ്റു

Dubai: ദുബായിലെ കരാമയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നിരവധി മലയാളികള്‍ക്ക് പരിക്കേറ്റു. മൂന്നുപേരുടെ നില ഗുരുതരാണ്. പരിക്കേറ്റ ഒമ്പതോളം പേരെ ദുബായിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ തലശ്ശേരി പുന്നോല്‍ സ്വദേശികളായ നിധിന്‍ ദാസ്, ഷാനില്‍, നഹീല്‍ എന്നിവരെ ഗുരുതര പരിക്കുകളോടെ ദുബായ് റാശിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിധിന്‍ ദാസിന്‍റെ പരിക്കുകള്‍ അതീവ ഗുരുതരമാണെന്ന് നേരിയ പരിക്കുകളോടെ രക്ഷപ്പെട്ട ഫവാസ് പറഞ്ഞു.കഴിഞ്ഞ  ദിവസം അര്‍ധരാത്രിയോടെ കരാമ ‘ഡേ ടു ഡേ’ ഷോപ്പിംഗ്‌ സെന്‍ററിന് സമീപം ബിന്‍ഹൈദര്‍ എന്ന കെട്ടിടത്തിലാണ് അപകടമുണ്ടായത്. 12.20 ഓടെ ഗ്യാസ് സിലിണ്ടറില്‍ ചോര്‍ച്ചയുണ്ടായി പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്ന് മുറികളിലായി 17 പേരാണ് ഈ ഫ്‌ളാറ്റില്‍ താമസിച്ചിരുന്നത്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. പരിക്കേറ്റ മിക്കവരും മലയാളികളാണെന്നാണ് വിവരം.

Exit mobile version