തുർക്കി – സിറിയ ഭൂകമ്പം : കുടുങ്ങികിടക്കുന്നത് ആയിരങ്ങള്‍ ; മരണസംഖ്യ ഉയരുമെന്ന് യുഎൻ.

അങ്കാറ:തെക്കൻ തുർക്കിയേയും വടക്കൻ സിറിയയേയും തകർത്തെറിഞ്ഞ ഭൂകമ്പങ്ങളിൽ യഥാർഥ ആള്‍നാശം 40,000 കടക്കുമെന്ന്  ഐക്യരാഷ്ട്ര സംഘടന വ്യക്തമാക്കി. ആറായിരം മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. ഇതിന്റെ എട്ടുമടങ്ങുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരിക്കാമെന്നാണ് യുഎന്‍ റിപ്പോര്‍ട്ട്. യഥാർഥ കണക്ക്‌ പുറത്തുവരാൻ ദിവസങ്ങൾ എടുത്തേക്കും. ആയിരക്കണക്കിന്‌ കുട്ടികൾ മരിച്ചിട്ടുണ്ടാകുമെന്ന് യുനിസെഫ് റിപ്പോര്‍ട്ട് ചെയ്തു.

തുർക്കിയിൽ 3549 മൃതദേഹം കണ്ടെടുത്തതായി പ്രസിഡന്റ്‌ റജെബ്‌ തയ്യിപ്‌ എർദോഗൻ പറഞ്ഞു. പരിക്കേറ്റ 21,000 പേർ ചികിത്സയിലാണ്‌. സിറിയയിൽ സ്ഥിരീകരിച്ചത് 1600 മരണം. ഇരു രാജ്യത്തുമായി തകർന്നടിഞ്ഞ ആയിരക്കണക്കിന്‌ കെട്ടിടങ്ങളിൽ പതിനായിരങ്ങള്‍ കുടുങ്ങികിടക്കുന്നു. പ്രതികൂല കാലാവസ്ഥയിലും തിരച്ചിൽ തുടരുന്നു. ദുരന്തമേഖലയിലേക്ക് ലോകരാജ്യങ്ങള്‍ സഹായം എത്തിച്ചുതുടങ്ങി.തുർക്കിയിലെ 10 പ്രവിശ്യ ദുരന്തബാധിതമേഖലയായി പ്രഖ്യാപിച്ചു. ആറായിരം കെട്ടിടം തകർന്നു. 7800 പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ദുരന്ത മേഖലയിൽ മൂന്നുമാസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 

Exit mobile version