ചൈനയുടെ ടാന്‍ സോംഗിയ്‌ക്ക് കാന്‍ഡിഡേറ്റ്സ് കിരീടം; തിളങ്ങി ഇന്ത്യന്‍ വനിതകള്‍.

ടൊറന്‍റോ: വനിതകളില്‍ കാന്‍ഡിഡേറ്റ്സ് കിരീടം നേടി ചൈനയുടെ ടാന്‍ സോംഗി. അവസാന റൗണ്ടില്‍ 14ാം കളിയില്‍ അവര്‍ അന്ന മുസിചുകുമായി സമനില പിടിച്ചതോടെ എട്ടര പോയിന്‍റോടെ ഒന്നാമതെത്തി. കളിയിലുടനീളം ഒന്നാം സ്ഥാനം നിലനിര്‍ത്തിയരുന്ന ടാന്‍ സോംഗി ഇതോടെ ലോകചാമ്പ്യനെ നേരിടാനുള്ള യോഗ്യത നേടി. 2023ലെ വനിത ലോക ചാമ്പ്യനായ ചൈനയുടെ തന്നെ ജു വെന്‍ജുനെ നേരിടും. 14 റൗണ്ടുകളുള്ള ഈ മത്സരം അടുത്ത മാസമാണ്.

അവിശ്വസനീയമാണ് പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലിയുടെ വിജയക്കുതിപ്പ്. ആദ്യ റൗണ്ടുകളില്‍ നാല് കളികളില്‍ തുടര്‍ച്ചയായി തോല്‍വി ഏറ്റുവാങ്ങിയ വൈശാലി പിന്നീട് അവസാനത്തെ അഞ്ച് റൗണ്ടുകളില്‍ തുടര്‍ച്ചയായി വിജയിക്കുയായിരുന്നു. ഈ കുതിപ്പില്‍ അവര്‍ ലോക നാലാം റാങ്കുകാരിയായ ചൈനയുടെ ലെ ടിംഗ്ജീയെ വരെ തോല്‍പിച്ചു. ലോക മൂന്നാം നമ്പര്‍ താരമായ റഷ്യയുടെ അലക്സാന്‍ഡ്രിയ ഗോരക് ചിനയെയും വൈശാലി തോല്‍പിച്ചു. 14ാം റൗണ്ടില്‍ ലോക ആറാം നമ്പറായ റഷ്യന്‍ താരം കാതറിന ലാംഗോയ്‌ക്കെതിരെയായിരുന്നു വൈശാലിയുടെ അഞ്ചാം ജയം. ഇതോടെയാണ് ഏഴര പോയിന്‍റ് തികച്ച് രണ്ടാം സ്ഥാനത്തെത്തിയത്. ഇത് വൈശാലിയെ സംബന്ധിച്ചിടത്തോളം മികച്ച നേട്ടമാണ്.

ലോക അഞ്ചാം നമ്പര്‍ താരമായ കൊനേരു ഹംപിയും നിരാശപ്പെടുത്തിയില്ല. 14ാം റൗണ്ടില്‍ അവര്‍ ലോക നാലാം നമ്പര്‍ താരമായ ചൈനയുടെ ലെയ് ടിംഗ്ജിയെ തോല‍്പിച്ചു. ഇതോടെ കൊനേരു ഹംപിയും ഏഴര പോയിന്‍റ് തികച്ച് രണ്ടാം സ്ഥാനത്തെത്തി.

Exit mobile version