ക്രിമിനലുകൾക്കെല്ലാം പാർട്ടി മെംബർഷിപ്പെന്നു സമ്മതിച്ച് എം.വി. ​ഗോവിന്ദൻ

പാലക്കാട്: ഒരു തരത്തിലുള്ള സ്ക്രൂട്ടിനിം​ഗ് പോലുമില്ലാതെ ക്രമിനലുകൾക്കു വരെ പാർട്ടി മെംബർഷിപ്പ് വരിക്കോരി നൽകുകയാണെന്നു സമ്മതിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ. മതിയായ പരിശോധനയില്ലാതെ പ്രാദേശിക നേതൃത്വം പാർട്ടി മെമ്പർഷിപ്പ് നൽകുന്നതിനെതിരെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ തുറന്നടിച്ചത്. പാ‍ർട്ടി മെമ്പ‍‍ർമാർ പൊലീസ് കേസുകളിൽ പെടുന്നത് സ്ഥിരമായതോടെയാണ് സംസ്ഥാന സെക്രട്ടറിയുടെ വിമർശനം.
കാണുന്നവർക്കെല്ലാം മെമ്പർഷിപ്പ് കൊടുക്കുന്നതിന്റെ ദൂഷ്യഫലമാണ് സിപിഎം ഇന്നു നേരിടുന്നതെന്നും അദ്ദേഹം വിമ‍ർശിച്ചു. സിപിഎം വടക്കഞ്ചേരി ഏരിയ കമ്മിറ്റി തുടങ്ങിയ ഇംഎംഎസ് പഠനകേന്ദ്രത്തിൻ്റെ ഉദ്ഘാടന സദസ്സിൽ വെച്ചായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ സ്വയം വിമർശനം. സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ ഇരട്ട നരബലിക്കേസിനെയും പ്രതിയായ ഭവഗവൽ സിങ്ങിനെയും പരോക്ഷമായി പരാമർശിച്ചായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ വിമർശനം. ഭവഗവൽ സിങ്ങിന്റെ പാർട്ടി ബന്ധം സിപിഎമ്മിന് വലിയ തലവേദനയായ സാഹചര്യത്തിൽ കൂടിയാണ് ഈ സ്വയം വിമർശനമെന്നതും ശ്രദ്ധേയമാണ്.
സ്പിരിറ്റ് ക‌ടത്ത്, മണൽ കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങളിലായിരുന്നു പണ്ടൊക്കെ പാർട്ടി അം​ഗങ്ങൾ ഉൾപ്പെട്ടിരുന്നത്. എന്നാലിന്ന് മദ്യം, മയക്കു മരുന്ന്, സ്ത്രീ പീഡനം, മന്ത്രവാദം, ആഭിചാരക്രിയകൾ, നരബലി തുടങ്ങിയ കേസുകളിലെല്ലാം സിപിഎം നേതാക്കളും അണികളും വ്യാപകമായി പ്രതി ചേർക്കപ്പെടുകയാണ്. ഇതിനെതിരേ സിപിഎമ്മിൽപ്പോലും ആശങ്ക പെരുകുന്നു. മലബാറിലെ സ്വർണം കള്ളക്കടത്തിനു പിന്നിൽ സിപിഎം നേതാക്കളാണ് മുഖ്യ പ്രതികൾ. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയു‌ടെ ഓഫീസ് തന്നെ നേരിട്ട് സ്വർണക്കടത്തിന് ഒത്താശ ചെയ്യുകയും മുതിർന്ന ഉദ്യോ​ഗസ്ഥരും പാർട്ടി നേതാക്കളും കുടുംബാ​ഗംങ്ങളും പ്രതിസ്ഥാനത്ത് എത്തുകയും ചെയ്തതോടെ അണികളെ നിയന്ത്രിക്കാൻ പാർട്ടിക്കും കഴിയുന്നില്ല. എന്തെങ്കിലും നടപടി എടുത്താലും പാർട്ടിയെ വെല്ലുവിളിച്ച് കുറ്റകൃത്യങ്ങൾ തുടരുന്നവരുടെ എണ്ണം അനുദിനം പെരുകുകയാണ്.

Exit mobile version