കേരളത്തില്‍ സ്വര്‍ണവില വന്‍ കുതിപ്പില്‍

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വന്‍ കുതിപ്പില്‍. ദിവസങ്ങളായി തുടരുന്ന മുന്നേറ്റം ഇന്നും പ്രകടമാണ്. 54000 രൂപ കടന്ന് കുതിക്കുന്ന സ്വര്‍ണം എവിടെ നില്‍ക്കുമെന്ന് പറയാന്‍ പറ്റാത്ത അവസ്ഥയാണ്. വരും ദിവസങ്ങളിലും സ്വര്‍ണവിലയില്‍ വലിയ കുറവ് പ്രതീക്ഷിക്കാന്‍ വകയില്ല. ഡോളര്‍ മൂല്യം വര്‍ധിപ്പിച്ചിട്ടുണ്ട്. രൂപ ഇടിയുകയാണ്. എണ്ണ വിലയില്‍ നേരിയ മുന്നേറ്റമുണ്ട്. ഈ മാസം രണ്ടിനാണ് ഏപ്രിലിലെ ഏറ്റവും കുറഞ്ഞ നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. അന്ന് 50680 രൂപയായിരുന്നു പവന്‍ വില. പിന്നീട് വന്‍ കുതിപ്പാണ് നടത്തിയത്. ഓരോ ദിവസവും സംഖ്യയില്‍ വലിയ മാറ്റമുണ്ടായി. ഒരു ദിവസം രണ്ട് തവണ വില കയറുന്ന അപൂര്‍വ മാറ്റവും വിപണിയില്‍ പ്രകടമായി.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54360 രൂപയാണ്. തിങ്കളാഴ്ചത്തെ വിലയില്‍ നിന്ന് 720 രൂപയാണ് പവന്മേല്‍ വര്‍ധിച്ചത്. ഇന്ന് ഗ്രാമിന് 90 രൂപ വര്‍ധിച്ച് 6795 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് ഇന്നത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 3680 രൂപയുടെ ഉയര്‍ച്ചയാണുള്ളത്. ഇന്ന് സ്വര്‍ണാഭരണം വാങ്ങുന്നവര്‍ക്ക് 60000 രൂപ വരെ ചെലവ് വന്നേക്കാം. അഞ്ച് ശതമാനം പണിക്കൂലിയും ജിഎസ്ടിയും ചേരുമ്പോഴാണിത്.

Exit mobile version