കാലാവസ്ഥാ ഉച്ചകോടി ഇന്ന് സമാപിക്കും.

കെയ്‌റോ:ഈജിപ്തിൽ ലോക കാലാവസ്ഥാ ഉച്ചകോടി വെള്ളിയാഴ്ച സമാപിക്കാനിരിക്കെ സമ്മേളന സംയുക്ത പ്രസ്താവനയുടെ കരട് പുറത്തുവിട്ടു. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ദുരന്തങ്ങൾക്ക്‌ ധനികരാഷ്ട്രങ്ങള്‍ നഷ്ടപരിഹാരം നല്‍കണമെന്ന ദീര്‍ഘകാല ആവശ്യത്തെപറ്റി  കരട് റിപ്പോര്‍ട്ടില്‍ ഒന്നും പറയുന്നില്ല.ഇന്ത്യ മുന്നോട്ടുവച്ച ‘എല്ലാ ഫോസിൽ ഇന്ധനങ്ങളും ഘട്ടംഘട്ടമായി ഉപേക്ഷിക്കുക’ എന്ന നിർദേശവും ഒഴിവാക്കി. പകരം, ‘കൽക്കരി ഇന്ധനത്തിന്റെ അനിയന്ത്രിതമായ ഉപയോഗം കുറയ്ക്കുകയും അതത്‌ രാജ്യത്തെ സാഹചര്യത്തിന്‌ അനുസൃതമായി ഫലപ്രദമല്ലാത്ത ഇന്ധന സബ്‌സിഡികൾ ഘട്ടംഘട്ടമായി ഉപേക്ഷിക്കുകയും ചെയ്യുക’ എന്നതാണ്‌ കരട്‌ റിപ്പോർട്ട്‌ മുന്നോട്ടുവയ്ക്കുന്ന നിർദേശം.ഗ്ലാസ്‌ഗോ ഉച്ചകോടിയിൽ ഏതാണ്ട്‌ ഇതേ പ്രസ്താവനയിറക്കാനായിരുന്നു തീരുമാനം. എന്നാൽ, ഘട്ടംഘട്ടമായി ഉപേക്ഷിക്കുന്നതായിരിക്കും പ്രായോഗികമെന്നും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാഷ്ട്രങ്ങൾക്ക്‌ സബ്‌സിഡികൾ പൂർണമായും ഒഴിവാക്കാനാകില്ലെന്നുമുള്ള ഇന്ത്യയുടെ വാദം അംഗീകരിച്ച്‌ ഭേദഗതികളോടെ അന്തിമ പ്രസ്താവന ഇറക്കുകയായിരുന്നു.ആഗോളതാപനം കുറയ്ക്കാനും താപനിലയിലെ വർധന 1.5 ഡിഗ്രിയിൽ താഴെയായി നിർത്താനുമുള്ള പാരിസ്‌ കാലാവസ്ഥാ ഉടമ്പടി തീരുമാനം കർക്കശമായി പാലിക്കണമെന്നും 20 പേജുള്ള റിപ്പോർട്ട്‌ നിർദേശിക്കുന്നു.

Exit mobile version