കായിക കേരളത്തിന്റെ ഹബ്ബാകാൻ കൊല്ലം.

കൊല്ലം കായിക കേരളത്തിന്റെ ഹബ്ബായി മാറാൻ കൊല്ലം ഒരുങ്ങുന്നു. സംസ്ഥാനത്തെ ഏറ്റവും മികച്ച ഹോക്കി സ്റ്റേഡിയം കൊല്ലത്താണ്. ലാൽ ബഹാദൂർ സ്റ്റേഡിയവും ഇന്ന്‌ കായിക മത്സരങ്ങളുടെ പ്രധാനവേദിയാണ്‌. എസ്‌എൻ കോളേജ്‌, ഫാത്തിമ മാതാ കോളേജ്‌ എന്നിവിടങ്ങളിലെ വിസ്‌തൃതിയുള്ള ​ഗ്രൗണ്ടും കൊല്ലത്തിന്റെ പ്രതീക്ഷയാണ്. ആശ്രാമം മൈതാനം ക്രിക്കറ്റ്‌ മത്സരത്തിനും അനുയോജ്യമാണ്‌. നിർമാണത്തിലുള്ള ഇൻഡോർ സ്റ്റേഡിയംകൂടി യാഥാർഥ്യമാകുന്നതോടെ കായികരംഗത്ത്‌ കൊല്ലം തുറന്നിടുക വലിയ സാധ്യതകളാകും. സംസ്ഥാന ക്രിക്കറ്റ്‌ അസോസിയേഷൻ അത്യാധുനിക സ്റ്റേഡിയം നിർമിക്കാൻ എഴുകോണിൽ സ്ഥലം വാങ്ങിയതും പ്രതീക്ഷ പകരുന്നു. ലാൽ ബഹാദൂർ സ്റ്റേഡിയത്തിലും ആശ്രാമം ഹോക്കി സ്റ്റേഡിയത്തിലും ജിംനേഷ്യം സൗകര്യവുമുണ്ട്. ലാൽ ബ​ഹാദൂർ സ്റ്റേഡിയത്തിനു സമീപം ടെന്നീസ്‌, വോളിബോൾ മത്സരത്തിനും കോർട്ട്‌ സജ്ജം. സ്‌പോർട്‌സ്‌ ഹോസ്‌റ്റലിനോടു ചേർന്ന്‌ കുട്ടികളുടെ പരിശീലനത്തിന്‌ കബഡി, ബാസ്‌കറ്റ്‌ബോൾ കോർട്ടുകളും ഒരുക്കിയിട്ടുണ്ട്.
 കഴിഞ്ഞവർഷം കൊല്ലത്തെ തേടിവന്ന ദേശീയ, സംസ്ഥാന കായികമത്സരങ്ങൾ നിരവധിയാണ്‌. ജൂൺ നാലുമുതൽ എട്ടുവരെ ന്യൂ ഹോക്കി സ്റ്റേഡിയത്തിൽ നടന്ന മാഗ്‌നം ചാമ്പ്യൻഷിപ് ട്രോഫി ഓൾ ഇന്ത്യ ഹോക്കി ടൂർണമെന്റ്‌, നവംബറിൽ ആശ്രാമം മൈതാനം, ഫാത്തിമ മാതാ കോളേജ്‌, തേവള്ളി ഗവ. എച്ച്‌എസ്‌എസ്‌ എന്നിവിടങ്ങളിലായി നടന്ന ദേശീയ ജൂനിയർ ബേസ്‌ബാൾ ചാമ്പ്യൻഷിപ്,  കൊട്ടാരക്കരയിൽ നടന്ന 68–-ാമത്‌ ദേശീയ ബോൾ ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്, ലാൽ ബഹാദൂർ സ്‌റ്റേഡിയത്തിൽ നടന്ന സംസ്ഥാന കേരളോത്സവം കായികമേള എന്നിവ കായികഭൂപടത്തിൽ കൊല്ലത്തെ അടയാളപ്പെടുത്തുന്നതായി. ഈ വർഷം ജനുവരി ആദ്യം ലാൽ ബഹാദൂർ സ്റ്റേഡിയം, ആശ്രാമം മൈതാനം എന്നിവിടങ്ങളിലായി സംസ്ഥാന സ്‌കൂൾ കായികമേളയുടെ ഭാഗമായ മത്സരങ്ങളും നടന്നു.

Exit mobile version