ഓണക്കിറ്റുകൾ ചൊവ്വാഴ്ച മുതൽ, ശർക്കരയും പപ്പടവുമില്ല, പകരം കശുവണ്ടിയും നെയ്യും

കൊച്ചി; സംസ്ഥാന സർക്കാരിൻറെ ഓണക്കിറ്റ് വരുന്ന ചൊവ്വാഴ്ച മുതൽ വിതരണം തുടങ്ങും. തുണി സഞ്ചി ഉൾപ്പടെ 14 ഇനങ്ങളുള്ള ഭക്ഷ്യ കിറ്റിൻറെ പാക്കിംഗ് എൺപത് ശതമാനവും പൂർത്തിയായതായി സപ്ലൈക്കോ അറിയിച്ചു. കഴിഞ്ഞ വർഷം പരാതികൾ ഏറെ കേട്ട പപ്പടത്തിനും ശർക്കരയ്ക്കും പകരം മിൽമ നെയ്യും ക്യാഷു കോർപ്പറേഷനിലെ കശുവണ്ടി പരിപ്പും ഇക്കുറി കിറ്റിൽ ഇടം പിടിച്ചു. മിൽമയിൽ നിന്ന് നെയ്യ്, ക്യാഷു കോർപ്പറേഷനിൽ നിന്ന് കശുവണ്ടി പരിപ്പ്, സപ്ലൈക്കോയുടെ സ്വന്തം ശബരി ബ്രാൻഡ് ഉത്പന്നങ്ങൾ എന്നിവയടക്കം 14 ഉത്പന്നങ്ങൾ അടങ്ങിയ കിറ്റിന് 434 രൂപ വില വരുമെന്ന് സപ്ലൈകോ. പഞ്ചസാരയും, ചെറുപയറും, തുവരപരിപ്പും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുകൊണ്ടുവരുന്നതാണ്. ലോഡിംഗ് വണ്ടിക്കൂലി ഉൾപ്പടെ 447 രൂപയുടെ കിറ്റ് എല്ലാ ജില്ലകളിലും വിതരണത്തിനു തയാറായി.

കഴിഞ്ഞ വർഷം പപ്പടവും, ശർക്കരയുമാണ് സപ്ലൈക്കോയ്ക്ക് തല വേദനയായത്. എന്നാൽ ഇത്തവണ മുൻവർഷത്തെ പാളിച്ചകൾ ആവർത്തിക്കാതിരിക്കാൻ പരമാവധി കരുതലെടുത്തെന്ന് സ്പ്ലൈക്കോ. ഇ ടെൻഡർ മുതൽ പാക്കിംഗിൽ വരെയുണ്ട് മുൻവർഷത്തെ അനുഭവത്തിൽ നിന്ന് പഠിച്ച പാഠങ്ങൾ. അതുകൊണ്ട് തന്നെ വളരെ കരുതലോടെയാണ് സപ്ലൈകോ ഓണം കിറ്റ് തയാറാക്കിയത്. റേഷൻകടകൾ വഴിയാണു കിറ്റുകൾ വിതരണം ചെയ്യുക

Exit mobile version