ഒടുവിൽ ഗോതാബയ രാജിവച്ചു

കൊളംബോ: ജനകീയ പ്രക്ഷോഭങ്ങൾക്ക് മുന്നിൽ പിടിച്ചുനിൽക്കാനാവാതെ നാടുവിട്ട ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതാബയ രാജപക്‌സെ ഒടുവില്‍ രാജിവെച്ചു. ബുധനാഴ്ച രാജിവയ്ക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും രാജി സമർപ്പിക്കാതെ പ്രസിഡന്റ് നാടുവിടുകയായിരുന്നു. സൗദി അറേബ്യന്‍ വിമാനത്തില്‍ മാലിദ്വീപിലേക്ക് തിരിച്ച ഗോതാബയെ അവിടെ നിന്ന് സിംഗപ്പൂരിലെത്തിയതിന് പിന്നാലെയാണ് രാജി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഇ-മെയിൽ വഴിയാണ് അദ്ദേഹം സ്പീക്കർക്ക് രാജിക്കത്ത് അയച്ചത്. ഇ-മെയിൽ വഴി ഗോതാബായ രാജിക്കത്ത് അയച്ചു നല്‍കിയതായി ശ്രീലങ്കന്‍ സ്പീക്കറുടെ വക്താവ് അറിയിച്ചു. കത്തിന്റെ നിയമസാധുത പരിഗണിച്ച ശേഷമാകും ഔദ്യോഗിക പ്രഖ്യാപനമെന്നും സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്. നിയമസാധുത പരിശോധിക്കുന്നതിനായി കത്ത് ശ്രീലങ്കന്‍ അറ്റോര്‍ണി ജനറലിന്‌ കൈമാറിയിരിക്കുകയാണ്.
അവസാന നിമിഷം വരെ തന്റെ സ്ഥാനം നിലനിർത്താൻ ശ്രമിച്ച് പരാജയപ്പെട്ടതിന് പിന്നാലെയാണ് ശ്രീലങ്കൻ പ്രസിഡന്റിന്റെ രാജി. പ്രതിഷേധക്കാർ രാജിവാർത്ത പടക്കം പൊട്ടിച്ചാണ് ആഘോഷിച്ചത്. പ്രസിഡന്റിന്റെ രാജി ജനകീയ വിജയമാണെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി. സ്പീക്കർ ആക്ടിങ് പ്രസിഡൻറ് സ്ഥാനം ഏറ്റെടുക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി റെനിൽ വിക്രമസിംഗയെ അംഗീകരിക്കില്ലെന്നും രണ്ട് പേരും ഒഴിയാതെ പൂർണമായും പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും പ്രക്ഷോഭകർ പ്രഖ്യാപിച്ചിട്ടുണ്ട്. ഗോതാബയയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് പ്രതിപക്ഷവും രംഗത്തെത്തി. സർവകക്ഷി സർക്കാർ നിലവിൽ വരുമെന്ന് പ്രതിക്ഷ പാർട്ടികൾ അറിയിച്ചു. സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്ക് പരിഹാരം ഉണ്ടാകുമെന്നും പ്രതിപക്ഷം പറയുന്നു.
ഇന്നലെ വൈകീട്ടാണ് ഗോതബായ സിംഗപ്പൂരില്‍ ഇറങ്ങിയത്. സ്വകാര്യ സന്ദര്‍ശനത്തിനാണ് ഗോതബായയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത് എന്ന് സിംഗപ്പൂര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഗോതബായ രാജ്യത്ത് അഭയം തേടിയിട്ടില്ലെന്നും അദ്ദേഹത്തിന് അഭയം നല്‍കില്ലെന്നും മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങള്‍ ഔദ്യോഗിക വസതി വളഞ്ഞതിന് പിന്നാലെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറിയ ഗോതാബയ കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടു മണിക്ക് സൈനിക വിമാനത്തിൽ മാലിദ്വീപിലേക്കാണ് ആദ്യം കടന്നത്. ഒപ്പം ഭാര്യ യോമ രജപക്സെയും ഉണ്ടായിരുന്നു. എന്നാൽ ഗോത്തബയ്ക്ക് അഭയം നൽകിയ മാലി ദ്വീപ് സർക്കാരിന്റെ നടപടിക്കെതിരെ അവിടത്തെ പ്രതിപക്ഷ പാർട്ടികൾ രംഗത്തു വന്നു. ഇതോടെ മാലി സർക്കാരും സമ്മർദ്ദത്തിലായി. സിംഗപ്പൂരിലേക്ക് കടക്കാനായി ഒരു സ്വകാര്യ വിമാനം സംഘടിപ്പിക്കാൻ ഗോത്തബയ മാലി സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തിയതായും റിപോർട്ടുണ്ടായിരുന്നു. മാലിദ്വീപിൽ ഒരു ദിവസം തങ്ങിയ ശേഷമാണ് അദ്ദേഹം ഇന്നലെ സിംഗപ്പൂരിലേക്ക് പോയത്. ഇവിടെ നിന്ന് സൗദിയിലേക്ക് തിരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും ഇതിന് സ്ഥിരീകരണമില്ല.
ഗോതബയ രാജിവയ്ക്കാതെ രാജ്യം വിട്ടെന്ന വാർത്ത പുറത്തുവന്നതോടെ കഴിഞ്ഞദിവസം കൊളംബോയിൽ ജനം പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ഇരച്ചു കയറിയിരുന്നു. ഇതിന് പിന്നാലെ അടിയന്തരസാഹചര്യം നേരിടാൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജ്യത്ത് അടിയന്തിരാവസ്ഥയും പ്രഖ്യാപിച്ചിരുന്നു. ഭരണപക്ഷവും പ്രതിപക്ഷവും ചേർന്ന് സർവകക്ഷി സർക്കാർ രൂപീകരിക്കണമെന്നാണ് പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്. സർക്കാരിനും പ്രതിപക്ഷത്തിനും ഒരുപോലെ സ്വീകാര്യനായ ഒരാളെ പ്രധാനമന്ത്രിയായി നാമനിർദേശം ചെയ്യാൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ സ്പീക്കർ മഹിന്ദ യാപ അബേവർധനയോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. പ്രസിഡന്റ് രാജ്യം വിട്ടതിന് പിന്നാലെ ശ്രീലങ്കൻ രാഷ്ട്രീയ നേതാക്കൾ സർവകക്ഷി യോഗം ചേർന്നു പാർലമെന്റ് സ്പീക്കറെ ആക്ടിംഗ് പ്രസിഡന്റായി ചുമതലപ്പെടുത്തിയിരുന്നു.

Exit mobile version