ഉപഗ്രഹങ്ങൾ തമ്മിലുള്ള കൂട്ടിയിടി ഒഴിവായത്‌ തലനാരിഴയ്‌ക്ക്‌.

വാഷിങ്ടൺ : റഷ്യൻ ഉപഗ്രഹം യുഎസ്‌ ഉപഗ്രഹത്തിനടുത്ത്‌ അപകടകരമാം വിധം എത്തിയെന്നും കൂട്ടിയിടി ഒഴിവായത്‌  തലനാരിഴയ്‌ക്കാണെന്നും വെളിപ്പെടുത്തി ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ. ‘തികച്ചും ഭീതിദമായ സംഭവം’ എന്നാണ്‌ നാസ ഇതിനെ വിശേഷിപ്പിച്ചത്‌. രണ്ട്‌ ഉപഗ്രഹങ്ങളും കൂട്ടിമുട്ടിയിരുന്നെങ്കിൽ ഭൂമിയിലെ ജീവജാലങ്ങൾക്ക്‌ വരെ ഭീഷണിയുണ്ടായേനേ എന്നും നാസ വ്യക്തമാക്കി. ഉപഗ്രഹങ്ങൾ കൂട്ടിയിടിച്ചിരുന്നെങ്കിൽ ചിന്നിചിതറിയേക്കാവുന്ന കഷണങ്ങൾ കൂടുതൽ അപകടം ഉണ്ടാക്കുമായിരുന്നു.

നാസയുടെ ടൈംഡ്‌  എന്ന ഉപഗ്രഹവും റഷ്യയുടെ കോസ്‌മോസ്‌ 2221 ഉം തമ്മിൽ 10 മീറ്റർ അകലത്തിൽ മാത്രം എത്തിയിരുന്നതായി നാസയുടെ ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്ററും മുന്‍ ബഹിരാകാശസഞ്ചാരിയുമായ കേണല്‍ പമേല മെല്‍റോയ് പറഞ്ഞു. കൊളറോഡയിൽ സ്‌പേസ്‌ ഫൗണ്ടേഷൻ സ്‌പേസ്‌ സിംപോസിയത്തിൽ സംസാരിക്കുകയായിരുന്നു മെൽറോയ്. തന്നെയും നാസയിലെ അംഗങ്ങളെയും ഈ സംഭവം വളരെയധികം ഭയപ്പെടുത്തി എന്നും പാം മെല്‍റോയ് കൂട്ടിച്ചേർത്തു.

ഭൗമാന്തരീക്ഷത്തെക്കുറിച്ചുള്ള പഠനങ്ങള്‍ക്കായുള്ള ഉപഗ്രഹമാണ്‌ ടൈഡ്‌. റഷ്യയുടെ പ്രവർത്തനരഹിതമായ ചാര ഉപഗ്രഹമാണ്‌ കോസ്‌മോസ്‌ 2221. സഞ്ചാര പാതയിൽ വ്യതിയാനം വരുത്താൻ പ്രയാസമുള്ള ഉപഗ്രഹങ്ങളാണ്‌ രണ്ടും. സംഭവം വിദഗ്‌ധസംഘം നിരീക്ഷിച്ചു വരികയാണെന്നും എത്രയും വേഗം വീഴ്‌ച പരിഹരിക്കുമെന്നും റഷ്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രമായ റോസ്‌കോസ്‌മസ്‌ അറിയിച്ചു. 

Exit mobile version