അമേരിക്കയിലെ ഹവായിലെ മൗയി ദ്വീപിൽ കാട്ടുതീയിൽ 36 പേർ മരിച്ചതായി സ്ഥിരീകരിച്ചു.

വൈലുകു: അമേരിക്കയിലെ ഹവായിലെ മൗയി ദ്വീപിൽ കാട്ടുതീയിൽ 36 പേർ മരിച്ചതായി സ്ഥിരീകരിച്ചു. ചുഴലിക്കാറ്റിനെത്തുടർന്ന്‌ പടര്‍ന്ന തീ ദ്വിപിനെ വിഴുങ്ങി. ബുധനാഴ്ചയാണ്‌ ദ്വീപിൽ കാട്ടുതീ നാശംവിതച്ചത്‌. ശക്തിയേറിയ കാറ്റിൽ രാത്രിയും പകലുമായി ഭൂരിഭാഗം ഇടത്തേക്കും തീ വ്യാപിച്ചുപ്രധാന വിനോദസഞ്ചാര കേന്ദ്രമായ ലഹൈന പൂർണമായും നശിച്ചു.  നൂറുകണക്കിന്‌ വീടുകളും കെട്ടിടങ്ങളും നശിച്ചു. ജീവരക്ഷാർഥം നിരവധിയാളുകൾ കടലിൽ ചാടി. പൊള്ളലേറ്റവരെ വിമാനമാർഗം ഒവാഹു ദ്വീപിലേക്ക്‌ മാറ്റുകയാണ്‌. ആയിരക്കണക്കിന് ദ്വീപ് നിവാസികള്‍ പുറത്തേക്ക് പലായനം ചെയ്തു.

ഹെലികോപ്‌റ്ററുകൾ ഉൾപ്പെടെ ഉപയോഗിച്ചാണ്‌ രക്ഷാപ്രവർത്തനം. കാറ്റ്‌ ശക്തി പ്രാപിച്ചതോടെ ഇടയ്ക്ക്‌ ഇതും നിർത്തിവയ്ക്കേണ്ടി വന്നിരുന്നു. സ്ഥിതി നിയന്ത്രണാതീതമായതോടെ അധികൃതർ വൈദ്യുതബന്ധം വിച്ഛേദിച്ചു. വിനോദസഞ്ചാര കേന്ദ്രമായ മൗയിലേക്ക്‌ പോകരുതെന്ന്‌ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്‌. ദ്വീപിലെ അഞ്ച്‌ ദുരിതാശ്വാസ ക്യാമ്പും നിറഞ്ഞു.

Exit mobile version