അഫ്‌ഗാനിസ്ഥാനെതിരായ ട്വന്റി20 മൂന്ന്‌ മത്സര ക്രിക്കറ്റ്‌ പരമ്പരയിൽ ആദ്യത്തേത്‌ ഇന്ന്‌. 

മൊഹാലി: പതിനാല്‌ മാസത്തെ ഇടവേളയ്‌ക്കുശേഷം ഇന്ത്യൻ ക്യാപ്‌റ്റൻ രോഹിത്‌ ശർമയും വിരാട്‌ കോഹ്‌ലിയും ട്വന്റി20 കളിക്കുന്നു. അഫ്‌ഗാനിസ്ഥാനെതിരായ മൂന്ന്‌ മത്സര ക്രിക്കറ്റ്‌ പരമ്പരയിൽ ആദ്യത്തേത്‌ ഇന്ന്‌. മൊഹാലിയിലെ ബിന്ദ്ര സ്‌റ്റേഡിയത്തിൽ രാത്രി ഏഴിന്‌ കളി തുടങ്ങും. ഇരുരാജ്യങ്ങളും ആദ്യമായാണ്‌ പരമ്പരയിൽ ഏറ്റുമുട്ടുന്നത്‌.

യുവതാരങ്ങൾക്ക്‌ അവസരമൊരുക്കി കുറച്ചുകാലമായി ഏകദിന–-ടെസ്റ്റ്‌ ടീമിൽമാത്രമാണ്‌ രോഹിതും കോഹ്‌ലിയും കളിക്കുന്നത്‌. ഇരുവരും 2022 നവംബറിൽ നടന്ന ട്വന്റി20 ലോകകപ്പിലാണ്‌ അവസാനമായി കളിച്ചത്‌. ഇംഗ്ലണ്ടിനെതിരായ സെമിയിൽ ഇന്ത്യ തോൽക്കുകയായിരുന്നു. പിന്നീട്‌ ഹാർദിക്‌ പാണ്ഡ്യയായിരുന്നു ക്യാപ്‌റ്റൻ. യുവതാരങ്ങൾക്ക്‌ പ്രാധാന്യം നൽകിയാണ്‌ ടീമിനെ ഒരുക്കിയത്‌. ഏകദിന ലോകകപ്പ്‌ ഫൈനലിൽ തോറ്റതോടെ രോഹിതും കോഹ്‌ലിയും ട്വന്റി20യിലേക്ക്‌ തിരിച്ചുവരാൻ തീരുമാനിക്കുകയായിരുന്നു.  മലയാളി വിക്കറ്റ്‌ കീപ്പർ സഞ്ജു സാംസണും ടീമിലുണ്ട്‌. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്‌ക്കുള്ള ട്വന്റി20 ടീമിൽ സഞ്ജുവുണ്ടായിരുന്നില്ല. കെ എൽ രാഹുലും ഇഷാൻ കിഷനും ഇല്ലാത്ത സാഹചര്യത്തിൽ സഞ്ജു ആദ്യകളിക്ക്‌ ഇറങ്ങിയേക്കും. ജിതേഷ്‌ ശർമയാണ്‌ ടീമിലെ മറ്റൊരു കീപ്പർ. പരിക്കേറ്റ സൂര്യകുമാർ യാദവ്‌, ഹാർദിക്‌ പാണ്ഡ്യ, ഋതുരാജ്‌ ഗെയ്‌ക്‌വാദ്‌ എന്നിവർ ടീമിലില്ല. 
ശുഭ്‌മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, തിലക്‌ വർമ, റിങ്കു സിങ്‌ എന്നീ യുവതാരങ്ങൾക്ക്‌ ലോകകപ്പ്‌ ടീമിൽ സ്ഥാനമുറപ്പിക്കാൻ പരമ്പര ഉപയോഗപ്പെടുത്താം. അർഷ്‌ദീപ്‌ സിങ്‌, ആവേശ്‌ ഖാൻ, മുകേഷ്‌ കുമാർ എന്നീ പേസർമാർക്കും അവസരമാണ്‌.

Exit mobile version