അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 255 മരണം, നിരവധി പേർക്ക് പരിക്കേറ്റു

കാബൂൾ: അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം. ഇരൂന്നൂറ്റി അമ്പത്തഞ്ചോളം പേർ മരിച്ചു. കിഴക്കൻ അഫ്ഗാനിസ്ഥാനിലാണ് റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. നിരവധി പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്. ദുരന്തബാധിത പ്രദേശത്ത് നിന്ന് പുറത്ത് വരുന്ന ചിത്രങ്ങളിൽ വലിയ നാശനഷ്ടങ്ങളുണ്ടായതായാണ് വ്യക്തമാകുന്നത്. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.ഇന്നലെ രാത്രി പക്തിക പ്രവിശ്യയിലെ നാല് ജില്ലകളിൽ ശക്തമായ ഭൂചലനമുണ്ടായി, നിരവധി പേർ മരിക്കുകയും നിരവധി കെട്ടിടങ്ങൾ തകരുകയും ചെയ്തു.”സർക്കാർ വക്താവ് ബിലാൽ കരിമി ട്വിറ്ററിലൂടെ അറിയിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണെന്നും കൂടുതൽ രക്ഷാപ്രവർത്തകരെ ദുരന്തബാധിത പ്രദേശത്തേക്ക് അയക്കുമെന്നും ബിലാൽ കരിമി അറിയിച്ചു. തെക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റ് നഗരത്തിൽ നിന്ന് 44 കിലോമീറ്റർ (27 മൈൽ) അകലെ 51 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. പാകിസ്ഥാന്റെ ലാഹോർ, മുളട്ടാൻ, ക്വറ്റ എന്നിവിടങ്ങളിലും മറ്റ് പല പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. 

Exit mobile version