അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയുമായി സൗദി അറേബ്യ.

അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയുമായി സൗദി അറേബ്യ. രാജ്യത്ത് കർശന പരിശോധന തുടരുകയാണ്. രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 481 പേർ അറസ്റ്റിലായി. ഇതിൽ 38 ശതമാനം യമനികളും 60 ശതമാനം എത്യോപ്യക്കാരും രണ്ട് ശതമാനം മറ്റ് രാജ്യക്കാരുമാണ് സൗദി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 

നിയമ ലംഘനത്തിന് ഇതിനോടകം  9,369 പ്രവാസികളെയാണ് കഴിഞ്ഞ ഒരാഴ്ചക്കിടെ നാടുകടത്തിയത്.  ഇതിനിടെ വിവിധ പ്രദേശങ്ങളിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിച്ച 17,257 വിദേശികളെ അറസ്റ്റ് ചെയ്തു. നവംബർ 30 മുതൽ ഡിസംബർ 6 വരെയുള്ള ആഴ്ചയിൽ രാജ്യത്തുടനീളം സുരക്ഷാസേനയുടെ വിവിധ യൂണിറ്റുകൾ നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റ് എന്ന്  ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 11,183 പേർ താമസനിയമം ലംഘിച്ചവരും 3,765 അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ചവരും 2,309 തൊഴിൽ നിയമങ്ങൾ ലംഘിച്ചവരുമാണ് പിടിയിലായത്.

സൗദിയില്‍ മൊത്തം 51,884 പേര്‍ നിയമലംഘനത്തിന് നിയമ നടപടിക്രമങ്ങൾക്ക് വിധേയരായിട്ടുണ്ട്. അതിൽ 45,672 പുരുഷന്മാരും 6,212 സ്ത്രീകളുമാണ്. ഇവരിൽ 45,773 നിയമലംഘകരെ യാത്രാരേഖകൾ ലഭിക്കുന്നതിന് അവരുടെ നയതന്ത്ര ദൗത്യങ്ങളിലേക്ക് റഫർ ചെയ്തിരിയ്ക്കുകയാണ്. ഇതുകൂടാതെ, താമസം, തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ കടത്തിക്കൊണ്ടു വരികയും അഭയം നൽകുകയും ചെയ്‌തിരുന്ന 8 പേരാണ് അറസ്റ്റിലായത്.

Exit mobile version